ആറ്റിങ്ങലിൽ തൊഴിലാളി കൊല്ലപ്പെട്ട നിലയിൽ.. കൊല്ലപ്പെട്ടത് ബംഗാളിൽ നിന്നുള്ള യുവാവ്!
ആറ്റിങ്ങൽ: പൂവമ്പാറയിലെ ഹോളോ ബ്രിക്സ് കമ്പനിയിൽ ബംഗാളിയുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശിയായ വിമലാണ് (30)കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തും പശ്ചിമബംഗാൾ സ്വദേശിയുമായ അമലിനെ(28) സംഭവശേഷം കാണാതായി. പൂവമ്പാറ പാലത്തിൽ നിന്ന് പേരേണം റോഡിലെ എ.എം ഹോളോ ബ്രിക്സിന്റെ ഓഫീസിൽ കസേരയിൽ തുണിമൂടിയിട്ട നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
ഇന്ന് രാവിലെ 7.30ന് ഓഫീസിലെത്തിയ കമ്പനിയിലെ മറ്റൊരു തൊഴിലാളിയും പ്രദേശവാസിയുമായ മഹേന്ദ്രനാണ് സംഭവം ആദ്യം കണ്ടത്. മൂന്ന് മലയാളികളുൾപ്പെടെ 5 തൊഴിലാളികളാണ് പതിനഞ്ചുവർഷമായി പ്രവർത്തിച്ചുവരുന്ന ഹോളോ ബ്രിക്സ് കമ്പനിയിലുള്ളത്. മൂന്നാഴ്ചമുമ്പാണ് വിമൽ ഇവിടെ ജോലിക്കെത്തിയത്. രണ്ടാഴ്ച മുമ്പ് ഇയാളുടെ പരിചയത്തിൽ സുഹൃത്തായ അമലിനെയും ജോലിക്കെത്തിച്ചു. ജോലിക്ക് വന്നയുടൻ ഇരുവരും സ്ഥാപന ഉടമയായ മോഹൻകുമാറിൽ നിന്ന് സാലറി അഡ്വാൻസായി വാങ്ങി. ഞായറാഴ്ച ദിവസമായ ഇന്നലെ കമ്പനി അവധിയായിരുന്നു.

ഉച്ചവരെ കമ്പനിക്ക് സമീപത്തെ കുളത്തിൽ നിന്ന് അമലും വിമലും ചൂണ്ടയിട്ട് മീൻ പിടിച്ചു. വൈകുന്നേരം ആറുമണിയോടെ ഞായറാഴ്ചകളിൽ പതിവായി ഇവിടെ വരാറുള്ള സുഹൃത്തിനൊപ്പം ഇവരെ ബിവറേജസ് ഔട്ട് ലറ്റിന് സമീപം കണ്ടിരുന്നതായും നാട്ടുകാർ പറയുന്നു. പിന്നീട് ഇന്ന് രാവിലെ വിമലിന്റെ മൃതദേഹമാണ് കണ്ടത്. ജോലിക്ക് ശേഷം കമ്പനിയിൽ തന്നെയാണ് അമലും വിമലും കഴിഞ്ഞുവന്നത്. ഓഫീസിനുള്ളിലായിരുന്നു ഉറക്കം. വാതിൽ ചാരിയിട്ടാണ് ഇരുവരും ഉറങ്ങാറുള്ളത്.
ഇന്ന് രാവിലെ ഇവരെ പുറത്ത് കാണാത്തതിനെ തുടർന്ന് തുറന്ന് കിടന്ന വാതിൽ വഴി മഹേന്ദ്രൻ ഓഫീസിനുള്ളിലേക്ക് കടന്നപ്പോഴാണ് അതിന്റെ മൂലയിൽ കസേരയിൽ വിമലിനെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് ഇയാൾ സ്ഥാപന ഉടമയേയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പ്രാഥമിക പരിശോധനകൾ നടത്തിയ ശേഷം റൂം സീൽ ചെയ്തു.തലയ്ക്ക് പരിക്കേറ്ര നിലയിലാണ് മൃതദേഹമെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications