17കാരന്റെ വായില്‍ 232 പല്ലുകള്‍!
മുംബൈ: അടിച്ച് നിന്റെ മുപ്പത്തിരണ്ട് പല്ലുകളും താഴെയിടും എന്ന് ആരെങ്കിലും പറഞ്ഞാല്‍ 17 കാരനായ ആഷിക് ഗവായ് ചിരിച്ചുകൊണ്ട് കേട്ടുനില്‍ക്കും. കാരണം എന്തെന്നോ, മുപ്പത്തിരണ്ട് പോയാലും പിന്നെയുമുണ്ട് 200 പല്ലുകള്‍ എന്നത് തന്നെ കാരണം. ബുല്‍ധാനയില്‍ നിന്നുള്ള ആഷിക് ഗവായ് ആണ് വായില്‍ 232 പല്ലുകളുമായി ഡോക്ടര്‍മാരുടെ കണ്ണ് തള്ളിച്ചത്.
പത്ത് ദിവസം മുമ്പാണ് ഗവായ് തടിച്ചുവീര്‍ത്ത മുഖവുമായി ജെ ജെ ആശുപത്രിയില്‍ എത്തിയത്. വലതുകവിളിലെ വേദനയായിരുന്നു കാരണം. തുടക്കത്തില്‍ എന്താണ് വേദനയുടെ കാരണമെന്ന് അറിയാതെ ഡോക്ടര്‍മാരും കുഴങ്ങി. പിന്നീട് നിരന്തരമായ പരിശോധനകളിലൂടെയാണ് ഡോക്ടര്‍മാര്‍ ഞെട്ടിപ്പിക്കുന്ന ഈ വിവരം തിരിച്ചറിഞ്ഞത്.

തിങ്കളാഴ്ചയാണ് ശസ്ത്രക്രിയ വഴി ഗവായുടെ വായില്‍ അധികമായുള്ള പല്ലുകള്‍ നീക്കം ചെയ്തത്. മോണയില്‍ നിന്നും മുളച്ചുവരികയായിരുന്ന 232 പല്ലുകളാണ് ശസ്ത്രക്രിയയില്‍ പുറത്തെടുത്തതെന്ന് ഡെന്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി സുനന്ദ ധിവാരെ പറഞ്ഞു. ഇവ ഓരോന്നും ഒറ്റയ്‌ക്കൊറ്റയ്ക്ക് മുളച്ചുവരികയായിരുന്നു.
ഏഴ് മണിക്കൂറാണ് ഗവായുടെ വായിലെ ശസ്ത്രക്രിയ നീണ്ടുനിന്നത്. ജെ ജെ ആശുപത്രിയില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു കേസ് വരുന്നത് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കിഴക്കന്‍ മഹാരാഷ്ട്രയിലെ ബുല്‍ധാനയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ആഷിക് ഗവായ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കവിള്‍ വീര്‍ത്തുവരുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നെങ്കിലും വേദന ഉണ്ടായിരുന്നില്ല.












Click it and Unblock the Notifications