ബാറില്‍ അടിയുണ്ടാക്കിയ നടന്‍ അറസ്റ്റില്‍
മുംബൈ: ബോളിവുഡ് നടന്‍ ആദിത്യ പഞ്ചോളിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ജുഹൂവിലെ ഒരു നൈറ്റ് ക്ലബ്ബില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് അറസ്റ്റ്. ജൂഹുവിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ നൈറ്റ് ക്ലബ്ബിലായിരുന്നു സംഭവം. ക്ലബിലെ ഒരു ഡി ജെയുമായിട്ടായിരുന്നു പഞ്ചോളി കലഹം ഉണ്ടാക്കിയത്.
പഞ്ചോളി ആവശ്യപ്പെട്ട ഒരു പാട്ട് വെക്കാത്തതിനെ ചൊല്ലിയായിരുന്നു തര്‍ക്കം തുടങ്ങിയത്. ഡി ജെയ്ക്ക് നേരെ പഞ്ചോളി അസഭ്യവാക്കുകള്‍ ഉപയോഗിച്ചു. ഇതേത്തുടര്‍ന്ന് നൈറ്റ് ക്ലബിലെ ജീവനക്കാര്‍ ഇടപെടുകയായിരുന്നു. എന്നാല്‍ പഞ്ചോളി അവരെയും ആക്രമിച്ചു. ഇവരില്‍ ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വാക്കുതര്‍ക്കത്തിനിടെ ആദിത്യ പഞ്ചോളി ഡി ജെയുടെ തലയില്‍ മൊബൈല്‍ ഫോണ്‍ കൊണ്ട് അടിക്കുകയായിരുന്നു എന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ വിദ്യാസാഗര്‍ പറഞ്ഞു. സാന്താക്രൂസ് പോലീസ് സ്ഥലത്തെത്തിയാണ് 50 കാരനായ ആദിത്യ പഞ്ചോളിയെ അറസ്റ്റ് ചെയ്തത്. ഐ പി സിയിലെ വിവിധ വകുപ്പുകള്‍ ചുമത്തി താരത്തിനെതിരെ പോലീസ് കേസെടുത്തു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കും.
ബോളിവുഡിലെ പ്രശസ്തനായ ആദിത്യ പഞ്ചോളിയുടെ യഥാര്‍ഥ പേര് നിര്‍മല്‍ പഞ്ചോളി എന്നാണ്. സെറീന വഹാബാണ് ഭാര്യ. നേരത്തെയും പഞ്ചോളി വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. പഞ്ചോളിയുടെ മകനായ സുരാജ് പഞ്ചോളിക്കെതിരെ മോഡല്‍ ജിയാഖാന്‍ മരിച്ച കേസില്‍ അന്വേഷണം നടക്കുന്നുണ്ട്.












Click it and Unblock the Notifications