നടി 3 തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു
മുംബൈ: ബോളിവുഡ് നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ രൂപ ഗാംഗുലി ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയത് മൂന്ന് തവണ. ഭാഗ്യം കൊണ്ടോ അതോ നിര്‍ഭാഗ്യം കൊണ്ടോ, മൂന്ന് തവണയും നടി രക്ഷപ്പെട്ടു. മഹാഭാരതം സീരിയലിലെ ദ്രൗപതിയെ ഓര്‍മയില്ലേ. മഹാഭാരതത്തിലെ ദ്രൗപതിയായി വേഷമിട്ട് പ്രശസ്തയായ രൂപ ഗാംഗുലിയാണ് ഈ ദുരന്തകഥയിലെ നായിക.
സൂപ്പര്‍ഹിറ്റ് സീരിയലായ മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച താരങ്ങള്‍ അന്നേ പ്രശസ്തരായിരുന്നു. പലരും സിനിമയില്‍ ഭാഗ്യം പരീക്ഷിച്ചു. ചിലര്‍ വിജയിച്ചു, മറ്റുചിലര്‍ സീരിയലിലേക്ക് തിരിച്ചുവന്നു. സീരിയലിലും സിനിമയിലും ഇടമില്ലാതായിപ്പോയവരും കൂട്ടത്തിലുണ്ട്. എന്നാല്‍ രൂപ ഗാംഗുലിയുടെ കഥ മറ്റൊന്നായിരുന്നു.

ദ്രൗപതിയായി മാത്രമല്ല, അഭിനയത്തിന് പുറമേ പാട്ടിലും ഡാന്‍സിലും രൂപ തിളങ്ങി. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് വരെ രൂപയെ തേടിയെത്തി. സിനിമയിലും സീരിയലിലും തിളങ്ങാന്‍ സാധിച്ച രൂപ ഗാംഗുലിക്ക് പിഴച്ചത് സ്വന്തം ജീവിതത്തിലായിരുന്നു. 1992 ല്‍ ദ്രുബോ മുഖര്‍ജിയെ വിവാഹം ചെയ്ത രൂപയ്ക്ക് വിവാഹജീവിതം സുഖമുള്ള അനുഭവങ്ങളല്ല നല്‍കിയത്. 2006 ല്‍ ഇവര്‍ വിവാഹ ബന്ധം വേര്‍പിരിഞ്ഞു.
13 വയസ്സിന് ഇളപ്പമുള്ള പാട്ടുകാരന്‍ ദിബ്യേന്ദുവിനൊപ്പം ലിവ് ഇന്‍ റിലേഷനിലായിരുന്നു രൂപ പിന്നീട് കുറേക്കാലം. എന്നാല്‍ ഈ ബന്ധവും അധികകാലം നീണ്ടുനിന്നില്ല. തുടര്‍ന്ന് വിഷാദരോഗത്തിന് അടിമയായ രൂപ ഗാംഗുലി പലപ്പോഴായി മൂന്ന് തവണ ജീവനൊടുക്കാന്‍ ശ്രമം നടത്തി. ഹിന്ദിക്ക് പുറമെ ബംഗാളി സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള 47 കാരിയായ രൂപ ആത്മഹത്യ ശ്രമം നടത്തിയ വിവരം ഇന്ത്യ ടി വിയാണ് പുറത്ത് വിട്ടത്.












Click it and Unblock the Notifications