സുകേഷില്‍ നിന്ന് മൂന്ന് കോടി വാങ്ങി; ജാക്വിലിന്റെ സ്‌റ്റൈലിസ്റ്റിന്റെ വെളിപ്പെടുത്തല്‍
മുംബൈ: ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് കൂടുതല്‍ കുരുക്ക് മുറുകുന്നു. നടിയുടെ സ്റ്റൈലിസ്റ്റിന്റെ വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്. തട്ടിപ്പുകാരന്‍ സുകേഷ് ചന്ദ്രശേഖറില്‍ നിന്ന് ഇവര്‍ കോടികള്‍ വാങ്ങിയെന്നാണ് കുറ്റസമ്മതം നടത്തിയിരിക്കുന്നത്. നേരത്തെ ജാക്വിലിന്‍ നിരവധി സമ്മാനങ്ങള്‍ സുകേഷില്‍ നിന്ന് വാങ്ങിയതായി ഇഡി കണ്ടെത്തിയിരുന്നു.
സുകേഷ് ക്രിമിനലാണെന്ന് അറിഞ്ഞിട്ടും നടി ബന്ധം തുടര്‍ന്നതായിട്ടാണ് കണ്ടെത്തല്‍. അത് മാത്രമല്ല ജാക്വിലിന്‍ സുകേഷിനെ വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നു. തന്റെ സ്വപ്‌നത്തിലെ പുരുഷനാണ് സുകേഷ് എന്ന് സുഹൃത്തുക്കളോട് ജാക്വിലിന്‍ പറഞ്ഞതായിട്ടാണ് ഇഡിയുടെ കുറ്റപത്രത്തിലുള്ളത്.

ഇതിനോടകം ജാക്വിലിനെ പലതവണ ഇഡി ചോദ്യം ചെയ്ത് കഴിഞ്ഞു. ഇരുന്നൂറ് കോടിയുടെ തട്ടിപ്പാണ് സുകേഷ് നടത്തിയത്. ജാക്വിലിന്റെ സ്റ്റൈലിസ്റ്റ് ലീപാക്ഷി എല്ലാവാഡിയെയും അടുത്തിടെ ഇഡി ചോദ്യം ചെയ്‌തെന്നാണ് സൂചന. ഇവര്‍ ചോദ്യം ചെയ്യലില്‍ സുകേഷില്‍ നിന്ന് മൂന്ന് കോടി രൂപ വാങ്ങിയതായി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.ഇത് നടിക്ക് കുരുക്കായി മാറുമെന്ന് ഉറപ്പാണ്.
സുകേഷ് ഇവര്‍ക്ക് ജാക്വിലിന് വസ്ത്രങ്ങളും ഗിഫ്റ്റുകളും വാങ്ങാനായി മൂന്ന് കോടി രൂപ തന്നുവെന്നാണ് ലീപാക്ഷി വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം സുകേഷ് ചന്ദ്രശേഖര്‍ അറസ്റ്റിലായ ശേഷം അയാളുമായുള്ള എല്ലാ ബന്ധങ്ങളും ജാക്വിലിന്‍ ഉപേക്ഷിച്ചതായും സ്റ്റൈലിസ്റ്റ് വെളിപ്പെടുത്തി.
കഴിഞ്ഞ വര്‍ഷമാണ് സുകേഷ് തന്നെ വിളിച്ചതെന്ന് ലീപാക്ഷി പറയുന്നു. ഏതൊക്കെ ടൈപ്പ് വസ്ത്രങ്ങളും ബ്രാന്‍ഡുകളുമാണ് ജാക്വിലിന്‍ ഉപയോഗിക്കുന്നതെന്ന് അറിയാനായിരുന്നു സുകേഷ് വിളിച്ചത്. താനാണ് ചില നിര്‍ദേശങ്ങള്‍ പറഞ്ഞ് കൊടുത്തത്. നടിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ വാങ്ങി കൊടുക്കാനായി മൂന്ന് കോടി രൂപ തനിക്ക് നല്‍കി.
ജാക്വിലിനുള്ള ഗിഫ്റ്റുകള്‍ വാങ്ങാനായി ഈ തുക മുഴുവന്‍ വിനിയോഗിച്ചുവെന്നും ലീപാക്ഷി എല്ലവാഡി പറഞ്ഞു. അതേസമയം ജാക്വിലിന്റെ കുടുംബവും സുഹൃത്തുക്കളും സാമ്പത്തികമായി നേട്ടമുണ്ടാക്കിയതായും, അത് സുകേഷുമായുള്ള ബന്ധത്തിലൂടെയാണ് ലഭിച്ചതെന്നും ഇഡി പറഞ്ഞിരുന്നു.
അതേസമയം നോറ ഫത്തേഹിയെ പോലുള്ള നടിമാര്‍ സുകേഷിന്റെ ചതി മനസ്സിലാക്കി നേരത്തെ തന്നെ ഈ ബന്ധത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍ ജാക്വിലിന്‍ ഇത് അറിഞ്ഞിട്ടും സുകേഷിനൊപ്പമുള്ള ബന്ധം തുടര്‍ന്നുവെന്നും, അത് വിവാഹത്തിലേക്ക് കൊണ്ടുപോകാന്‍ നടി ആഗ്രഹിച്ചിരുന്നുവെന്നും ഇഡി കണ്ടെത്തിയിരുന്നു.
സാമ്പത്തികമായ നേട്ടം സുകേഷില്‍ നിന്ന് ജാക്വിലിനും സ്വന്തമാക്കിയിരുന്നതായിട്ടാണ് കുറ്റപത്രത്തില്‍ പറയുന്നത്. ബോളിവുഡില്‍ സിനിമ കുറഞ്ഞതോടെ വിവാഹം കഴിച്ച് മാറാന്‍ നടി ആഗ്രഹിച്ചിരുന്നുവെന്നും, സുകേഷ് വലിയ ചിത്രങ്ങള്‍ ദക്ഷിണേന്ത്യയിലും ഹോളിവുഡിലുമെല്ലാം ഓഫര്‍ ചെയ്തിരുന്നുവെന്നും നടി ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications