ഇന്ത്യയെന്നാല്‍ എല്ലാമാണ്; ബോളിവുഡ് താരം അക്ഷയ് കുമാര്‍ കനേഡിയന്‍ പൗരത്വം ഉപേക്ഷിക്കുന്നു
ബോക്‌സോഫീസില്‍ സിനിമകള്‍ പരാജയപ്പെട്ടതോടെ തനിക്ക് ബോളിവുഡില്‍ ഇനി സാധ്യതകളില്ലെന്നാണ് കരുതിയത്. അതോടെയാണ് കാനഡയിലേക്ക് പോകാന്‍ തീരുമാനിച്ചതെന്ന് അക്ഷയ് കുമാര്‍ പറയുന്നു

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍ കനേഡിയന്‍ പൗരത്വം ഉപേക്ഷിക്കുന്നു. പുതിയ സിനിമയുടെ പ്രമോഷനിടെയാണ് ഇക്കാര്യം അക്ഷയ് വെളിപ്പെടുത്തിയത്. ദീര്‍ഘകാലമായി കനേഡിയന്‍ പൗരത്വത്തിന്റെ പേരില്‍ താരം വിമര്‍ശനം നേരിട്ടിരുന്നു.
അതിനൊപ്പം ബിജെപി നേതൃത്വവും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുപ്പവും അക്ഷയ് കുമാറിനെതിരെയുള്ള വിമര്‍ശനത്തിന് കാരണമായിരുന്നു.
അതേസമയം താന്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ചതായി അക്ഷയ് കുമാര്‍ വെളിപ്പെടുത്തിയിരുന്നു.നേരത്തെ ബോളിവുഡില്‍ നിന്ന് ഫീല്‍ഡ് ഔട്ടാകുമെന്ന ഘട്ടം വന്നപ്പോഴാണ് താന്‍ കനേഡിയന്‍ പൗരത്വം സ്വീകരിച്ചതെന്ന് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു.

ആജ് തക്കിലെ സീദി ബാത് എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് താന്‍ കനേഡിയന്‍ പൗരത്വം ഉപേക്ഷിക്കുന്നതായി അക്ഷയ് കുമാര്‍ വെളിപ്പെടുത്തിയത്. താന്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ചുവെന്നും, ഇന്ത്യയോടുള്ള തന്റെ ആത്മാര്‍ത്ഥമായ സ്‌നേഹം പ്രകടിപ്പിക്കാനായി കനേഡിയന്‍ പൗരത്വം ഉപേക്ഷിക്കുമെന്നും അക്ഷയ് വ്യക്തമാക്കി.
എന്നെ സംബന്ധിച്ച് ഇന്ത്യ എന്നാല്‍ എല്ലാമാണ്. ഞാന്‍ ജീവിതത്തില്‍ എല്ലാം സമ്പാദിച്ചത് ഈ രാജ്യത്ത് നിന്നാണ്. എന്തൊക്കെ നേട്ടമുണ്ടാക്കിയിട്ടുണ്ടോ അതെല്ലാം ഇന്ത്യയില്‍ നിന്നാണ്. അതെല്ലാം തിരിച്ച് നല്‍കുന്നതില്‍ ഒരവസരം കിട്ടിയാല്‍ താന്‍ ഭാഗ്യവാനാണെന്നും അക്ഷയ് പറഞ്ഞു.
യാതൊന്നും അറിയാതെ ആളുകള്‍ പലതും പറയുമ്പോള്‍ നിങ്ങള്‍ക്ക് വിഷമം തോന്നാമെന്നും അക്ഷയ് പറയുന്നു. തനിക്ക് ബോളിവുഡില്‍ തുടര്‍ച്ചയായി പതിനഞ്ച് പരാജയ ചിത്രങ്ങള്‍ വന്നിരുന്നു. കരിയര്‍ ആകെ പ്രതിസന്ധിയിലായ സമയമായിരുന്നു അത്.
1990കളിലായിരുന്നു ആ മോശം സമയം എന്നെ തേടിയെത്തിയത്. ബോക്‌സോഫീസില്‍ സിനിമകള്‍ പരാജയപ്പെട്ടതോടെ തനിക്ക് ബോളിവുഡില്‍ ഇനി സാധ്യതകളില്ലെന്നാണ് കരുതിയത്. അതോടെയാണ് കാനഡയിലേക്ക് പോകാന്‍ തീരുമാനിച്ചത്.
മറ്റ് ജോലികള്‍ ആ സമയത്ത് അന്വേഷിച്ചിരുന്നു. സിനിമകള്‍ വേണ്ട രീതിയില്‍ വിജയിക്കാത്തത് കൊണ്ട് വിദേശത്ത് ജോലിക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു.
താന്‍ വിദേശത്ത് പോകാന്‍ തീരുമാനിച്ച സമയത്താണ് സുഹൃത്ത് വിളിക്കുന്നത്. അവന്‍ അന്ന് കാനഡയിലായിരുന്നു. ഇങ്ങോട്ട് പോരാന്‍ അവനാണ് നിര്‍ദേശിച്ചത്. തുടര്‍ന്ന് കനേഡിയന്‍ പൗരത്വത്തിനായി താന്‍ അപേക്ഷിച്ചു. അത് ലഭിക്കുകയും ചെയ്തു.
ആ സമയത്ത് എന്റെ രണ്ട് സിനിമകള്‍ മാത്രമായിരുന്നു റിലീസ് ചെയ്യാനുണ്ടായിരുന്നത്. എന്റെ ഭാഗ്യം കൊണ്ട് രണ്ട് ചിത്രവും സൂപ്പര്‍ ഹിറ്റായി. ഇതോടെ എന്റെ സുഹൃത്ത് കൂടുതല്‍ സിനിമകളില്‍ അഭിനയിക്കുവാന്‍ നിര്‍ദേശിക്കുകയായിരുന്നു.
തനിക്ക് പിന്നെയും കുറച്ച് ചിത്രങ്ങള്‍ ലഭിച്ചു. അതോടെ അഭിനയം തുടരുകയായിരുന്നു. എനിക്കൊരു പാസ്‌പോര്‍ട്ട് ഉണ്ടെന്ന് പോലും മറന്ന് പോയിരുന്നു. അതൊരിക്കലും മാറ്റണമെന്ന് തോന്നിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അത് മാറ്റാന്‍ അപേക്ഷിച്ചിട്ടുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications