ഞാനുള്ളിടത്തോളം കാലം ഭിന്നിപ്പിക്കാന്‍ നോക്കേണ്ട: മോദി
മുംബൈ: ദില്ലിയില്‍ താന്‍ ഭരണത്തിലുള്ളിടത്തോളം കാലം മഹാരാഷ്ട്രയെ ഭിന്നിപ്പിക്കാന്‍ ആരും നോക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയെ വിഭജിക്കാനും മുംബൈയെ മഹാരാഷ്ട്രയില്‍ നിന്നും വേര്‍പ്പെടുത്താനും ശ്രമം നടക്കുന്നു എന്ന കോണ്‍ഗ്രസ് ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു നരേന്ദ്ര മോദി.
കഴിഞ്ഞ പത്ത് വര്‍ഷമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ നുണപ്രചാരണം നടത്തുകയാണ്. ഇപ്പോഴിതാ അവര്‍ പുതിയൊരു നുണയുമായി രംഗത്തെത്തിയിരിക്കുന്നു. മഹാരാഷ്ട്രയെ വിഭജിക്കും എന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. ഈ രാജ്യത്ത് ജനിച്ച ആര്‍ക്കെങ്കിലും ഛത്രപതി ശിവജിയുടെ മണ്ണ് വിഭജിക്കാന്‍ സാധിക്കുമോ - നരേന്ദ്ര മോദി ചോദിച്ചു.

ഇതാ ഞാന്‍ ഉറപ്പുതരുന്നു. ദില്ലിയില്‍ ഞാന്‍ അധികാരത്തിലുള്ള കാലത്തോളം ലോകത്തില്‍ ഒരു ശക്തിക്കും മുംബൈയെ മഹാരാഷ്ട്രയില്‍ നിന്നും വേര്‍പ്പെടുത്താന്‍ കഴിയില്ല. മുംബൈയെ മഹാരാഷ്ട്രയില്‍ നിന്നും വേര്‍പെടുത്താന്‍ നരേന്ദ്ര മോദിക്ക് രഹസ്യ അജണ്ടയുണ്ട് എന്ന് എം എന്‍ എസ് നേതാവ് രാജ് താക്കറെയും മുന്‍പ് ആരോപിച്ചിരുന്നു.
ഇന്ത്യയുടെ പുരോഗതിക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിവുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇതിന്റെ കേന്ദ്ര സ്ഥാനം മുംബൈയാണ്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി സംസ്ഥാനത്ത് നടന്ന കര്‍ഷക ആത്മഹത്യകളെ മോദി അപലപിച്ചു. കര്‍ഷകര്‍ മരിക്കാന്‍ കാരണക്കാരായവര്‍ക്ക് തക്ക ശിക്ഷ നല്‍കണമെന്നും മോദി ജനങ്ങളോട് അഭ്യര്‍ഥിച്ചു.
താമര അടയാളത്തില്‍ വോട്ട് ചെയ്ത് കഴിഞ്ഞ 15 വര്‍ഷത്തെ കോണ്‍ഗ്രസ് ദുര്‍ഭരണത്തില്‍ നിന്നും സംസ്ഥാനത്തെ മുക്തമാക്കണമെന്നും മോദി അഭ്യര്‍ഥിച്ചു. 288 സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ ഒക്ടോബര്‍ 15 നാണ് വോട്ടെടുപ്പ്.












Click it and Unblock the Notifications