ഇന്ത്യ പലസ്തീനൊപ്പമായിരുന്നുവെന്ന് ശരദ് പവാർ, മകൾ സുപ്രിയയെ ഹമാസിലേക്ക് അയക്കുമായിരിക്കുമെന്ന് ബിജെപി
ഡല്‍ഹി: ഇസ്രായേല്‍-പലസ്തീന്‍ യുദ്ധത്തിലെ ഇന്ത്യയുടെ നിലപാട് സംബന്ധിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ പ്രസ്താവനയ്ക്ക് എതിരെ ബിജെപി നേതാക്കള്‍ രംഗത്ത്. ഇന്ത്യ എല്ലായ്‌പ്പോഴും പലസ്തീനൊപ്പമായിരുന്നു നിലകൊണ്ടിരുന്നത് എന്നാണ് ശരദ് പവാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും വാജ്‌പേയിയും അടക്കമുളള പ്രധാനമന്ത്രിമാര്‍ പലസ്തീനൊപ്പമായിരുന്നുവെന്ന് പവാര്‍ ചൂണ്ടിക്കാട്ടി.
''പലസ്തീന്റെ ഭൂമിയാണ് ഇസ്രായേല്‍ കയ്യേറിയത്. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇസ്രായേലിനൊപ്പം നില്‍ക്കുന്നത്. അത് ദൗര്‍ഭാഗ്യകരമാണ്. പ്രധാന പ്രശ്‌നത്തെ അദ്ദേഹം അവഗണിച്ചു. വിഷയത്തില്‍ വ്യക്തമായ നിലപാട് ഉണ്ടായിരിക്കണം'', ശരദ് പവാര്‍ മുംബൈയില്‍ എന്‍സിപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു.

പിന്നാലെയാണ് കേന്ദ്ര മന്ത്രിമാരടക്കമുളളവര്‍ പവാറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ''ഏത് തരത്തിലുളള തീവ്രവാദവും അപലപിക്കപ്പെടണം. ഇന്ത്യയുടെ പ്രതിരോധ മന്ത്രിയും പലതവണ മുഖ്യമന്ത്രിയും ആയിരുന്നയാള്‍ തീവ്രവാദത്തെ ഇത്ര നിസ്സാരവത്ക്കരിച്ച് കാണുന്നത് മോശമാണ്. ഇത്തരത്തിലുളള ദുഷിച്ച മനോനില അവസാനിപ്പിക്കണം, ഇപ്പോഴെങ്കിലും പവാര്‍ രാജ്യത്തിന് പ്രാഥമിക പരിഗണന നല്‍കണം'' എന്നാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തത്.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ രൂക്ഷമായാണ് പവാറിനോട് പ്രതികരിച്ചത്. ഹമാസിന് വേണ്ടി പൊരുതാന്‍ മകള്‍ സുപ്രിയ സുലെയെ പവാര്‍ ഗസയിലേക്ക് അയക്കുമെന്നാണ് തനിക്ക് തോന്നുന്നത് എന്ന് ഹിമന്ത ബിശ്വ ശര്‍മ പ്രതികരിച്ചു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇസ്രായേല്‍-പലസ്തീന്‍ പ്രശ്‌നത്തില്‍ ഇന്ത്യ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ഫട്‌നാവിസ് വ്യക്തമാക്കി.
ഇസ്രായേലിലെ തീവ്രവാദ ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെക്കുറിച്ച് സംശയം ഉയര്‍ത്തിയ ശരത് പവാറിന്റേത് നിരുത്തരവാദപരമായ പ്രസ്താവന ആണെന്നാണ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പ്രതികരിച്ചത്. ആഭ്യന്തരവും അന്താരാഷ്ട്രതലത്തില്‍ ഉളളതുമായ എല്ലാ തരം തീവ്രവാദത്തെയും ഇന്ത്യ എല്ലാക്കാലവും എതിര്‍ത്തിരുന്നു. ആഗോള സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടിയുളള ഇന്ത്യയുടെ നിലപാടിനെ പ്രതിനിധീകരിക്കുന്നതാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍, നിതിന്‍ ഗഡ്കരി പറഞ്ഞു.












Click it and Unblock the Notifications