യുവതിയെ ബൈക്കില്‍ വലിച്ചിഴച്ച് 1.5 ലക്ഷത്തിന്റെ മാല പൊട്ടിച്ചു
മുംബൈ: ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന സംഘം യുവതിയെ ബൈക്കില്‍ കുരുക്കി റോഡിലൂടെ വലിച്ചിഴച്ചു. മുംബൈയിലെ അന്ധേരിയിലാണ് സംഭവം. മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ ബാഗ് ബൈക്കിന്റെ ഹാന്‍ഡിലില്‍ കുടുങ്ങുകയായിരുന്നു. നിലത്ത് വീണ യുവതിയെ ഏതാനും മീറ്റര്‍ വലിച്ചുകൊണ്ട് ഇവര്‍ ബൈക്കോടിച്ചു.
മാലയും താലിയും അടക്കം ഒന്നരലക്ഷം രൂപയുടെ സ്വര്‍ണവുമായി അക്രമികള്‍ ഒടുവില്‍ കടന്നുകളയുകയായിരുന്നു. ആയിഷ സുല്‍ത്താന എന്ന 45 കാരിയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഗുരുതരമായ പരിക്കുകളോടെ ഇവര്‍ ആശുപത്രിയിലാണ്. ഇവരുടെ കഴുത്തില്‍ 5 ഇഞ്ച് നീളത്തില്‍ മുറിവുണ്ട്. ഇടത്തേ ചെവിയിലും കൈകളിലും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിന് ശേഷം ആയിഷ സുല്‍ത്താന അബോധാവസ്ഥയിലായിപ്പോയി എന്ന് ഭര്‍ത്താവ് മുഹമ്മദ് അഫ്‌സല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും അവര്‍ക്ക് മടിയാണത്രേ. മാര്‍ച്ച് 3 ന് വെസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. ഭര്‍ത്താവ് മുഹമ്മദ് അഫ്‌സല്‍ വരാന്‍ വേണ്ടി റോഡില്‍ കാത്തുനില്‍ക്കുകായിരുന്നു അവര്‍.
സംഭവസ്ഥലത്ത് ഓടിയെത്തിയ മുഹമ്മദ് അഫ്‌സല്‍ 100 ല്‍ വിളിച്ച് പോലീസില്‍ വിവരം അറിയിച്ചു. വൈല്‍ പാര്‍ലെ പോലീസ് സ്‌റ്റേഷനിലെത്തി ഇവര്‍ പരാതി നല്‍കി. എന്നാല്‍ പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയാക്കാന്‍ പോലീസ് തയ്യാറായില്ല എന്ന് ആക്ഷേപമുണ്ട്. പോലീസ് സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.












Click it and Unblock the Notifications