ഹനുമാന്‍ ചലിസ അനുവദനീയം, ദാദാഗിരി വേണ്ട, കേന്ദ്രം ലൗഡ്‌സ്പീക്കര്‍ നിയമം കൊണ്ടുവരട്ടെയെന്ന് ഉദ്ധവ്
മുംബൈ: മഹാരാഷ്ട്രയിലെ ഹനുമാന്‍ ചലിസ വിവാദവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മുസ്ലീം പള്ളികളില്‍ അടക്കം ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരട്ടെയെന്ന് ഉദ്ധവ് ആവശ്യപ്പെട്ടു. കേന്ദ്ര പ്രതിനിധികളെ കണ്ട് ഇക്കാര്യം സംസ്ഥാന പ്രതിനിധി സംഘം ചര്‍ച്ച ചെയ്യുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. ഹനുമാന്‍ ചലിസ ചൊല്ലുന്നത് ഒരു പ്രശ്‌നമില്ല. എന്നാല്‍ ദാദാഗിരി വേണ്ടെന്നും ഉദ്ധവ് മുന്നറിയിപ്പ് നല്‍കി. നിങ്ങള്‍ക്ക് ഹനുമാന്‍ കീര്‍ത്തനം ആലപിക്കണമെങ്കില്‍ വീട്ടിലെത്തി അത് ചെയ്യാം. അല്ലാതെ ദാദാഗിരി കൊണ്ട് കാര്യം നേടാന്‍ സാധിക്കരുതെന്നും ഉദ്ധവ് പറഞ്ഞു.

നിങ്ങള്‍ ദാദാഗിരി കാണിക്കാന്‍ നോക്കിയാല്‍, അതിനെ എങ്ങനെ നേരിടണമെന്ന് ബാലാസാഹേബ് ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ടെന്നും ഉദ്ധവ് പറഞ്ഞു. ഞങ്ങള്‍ നല്ല ഹിന്ദുത്വത്തെ കൊണ്ടുനടക്കുന്നവരാണ്. അല്ലാതെ മോശം ഹിന്ദുത്വത്തെ സ്വീകരിക്കുന്നവരല്ല. ഒരു റാലി ഉടനെ നടത്തും. എല്ലാ കാര്യങ്ങളും അതില്‍ പറയും. ഇപ്പോള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് വ്യാജ ഹിന്ദുത്വവാദികളാണ്. അവരുടെ പുതിയ ഹിന്ദുത്വവും കൊണ്ട് ഓരോന്ന് ചെയ്യാന്‍ ഇറങ്ങിയിരിക്കുകയാണ്. ആരുടെ ഷര്‍ട്ടാണ് കാവി എന്ന് തെളിയിക്കാനുള്ള ഒരു മത്സരം തന്നെ നടക്കുന്നുണ്ടെന്നും രാജ് താക്കറെയെയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയെയും ലക്ഷ്യമിട്ട് ഉദ്ധവ് പറഞ്ഞു.
എംഎന്‍എസും ബിജെപിയും മഹാരാഷ്ട്രയിലെ സഖ്യത്തില്‍ ശിവസേനയെ പ്രതിരോധത്തിലാക്കാനുള്ള നീക്കത്തിലാണ്. ലൗഡ്‌സ്പീക്കര്‍ വിവാദവുമായി ബന്ധപ്പെട്ട് സര്‍വകക്ഷി യോഗം സര്‍ക്കാര്‍ നടത്തിയിരുന്നു. യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രി ദിലീപ് വത്സെ പാട്ടീല്‍ ഉന്നയിച്ചത് കേന്ദ്രം രാജ്യത്താകെ ഉപയോഗിക്കാന്‍ പാകത്തില്‍ ഒരു നിയമം കൊണ്ടുവരണമെന്നാണ്. മഹാരാഷ്ട്രയില്‍ ഉണ്ടായത് പോലെയുള്ള പ്രശ്‌നങ്ങള്‍ രാജ്യത്തൊരിടത്തും ഉണ്ടാവില്ലെന്നും, നിയമത്തിലൂടെ അതിനെ നേരിടാന്‍ സാധിക്കുമെന്നും ദിലീപ് പാട്ടീല്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു സംഘം കേന്ദ്ര സര്‍ക്കാര്‍ സംഘത്തെ കണ്ട് ഉച്ചഭാഷിണി ഉപയോഗിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് ആദിത്യ താക്കറെ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ പള്ളികളില്‍ നിന്ന് ലൗഡ് സ്പീക്കറുകള്‍ അഴിച്ചുമാറ്റില്ലെന്ന് വല്‍സെ പാട്ടീല്‍ പറഞ്ഞു. ആരാണോ അത് വെച്ചത് അവര്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും മന്ത്രി വ്യക്തമാക്കി. സുപ്രീം കോടതി ഈ വിഷയത്തില്‍ 2005ല്‍ വിധി പറഞ്ഞതാണ്. പിന്നീട് 2015, 2017 വര്‍ഷങ്ങളിലും വിധി പറഞ്ഞതാണ്. അതിനനുസരിച്ചാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഈ നിയമം ഉണ്ടാക്കിയത്. ആരാധനാലയങ്ങളില്‍ ലൗഡ്‌സ്പീക്കറുകള്‍ ഉപയോഗിക്കുന്നത് ഈ വിധിയുടെ അടിസ്ഥാനത്തിലാണെന്നും ദിലീപ് വത്സെ പാട്ടീല്‍ പറഞ്ഞു. മുസ്ലീം പള്ളികളില്‍ ലൗഡ്‌സ്പീക്കറുകള്‍ നീക്കം ചെയ്താല്‍ ഭജനകള്‍, കീര്‍ത്തനങ്ങള്‍, ഗണപതി പൂജ ചടങ്ങുകള്‍, നവരാത്രി ആഘോഷങ്ങള്‍ എന്നിവയിലൊന്നും ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കാനാവില്ലെന്നും ദിലീപ് പാട്ടീല്‍ പറഞ്ഞു.
അതേസമയം വ്യത്യസ്ത വിഭാഗങ്ങളിലുള്ളവര്‍ക്ക് വ്യത്യസ്ത നിയമങ്ങള്‍ പാടില്ലെന്നും ആഭ്യന്തര മന്ത്രി പറയുന്നു. ക്രമസമാധാനം പാലിക്കുക എന്നത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. ആരെങ്കിലും അതിനെ തടസ്സപ്പെടുത്തിയാല്‍ ഞങ്ങള്‍ നടപടിയെടുക്കും. എന്നാല്‍ സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് പങ്കെടുത്തില്ല. രാജ് താക്കറെയും ചടങ്ങിനെത്തിയില്ല. ഇവര്‍ രണ്ട് പേരും മുസ്ലീം പള്ളിയില്‍ ലൗഡ്‌സ്പീക്കറിനെ എതിര്‍ക്കുന്നവരാണ്. നേരത്തെ പള്ളികളിലെ ലൗഡ്‌സ്പീക്കര്‍ നീക്കം ചെയ്യണമെന്ന് പറഞ്ഞ് ഈ വിഷയം ആദ്യം കൊണ്ടുവന്നത് രാജ് താക്കറെയാണ്. എംഎന്‍എസ്സിന് ബിജെപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവര്‍ വ്യാജ ഹിന്ദുത്വവാദികളാണ്. ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ മിണ്ടാതിരുന്നവരാണ് ഇവര്‍. രാമക്ഷേത്രം നിര്‍മിക്കാന്‍ തീരുമാനിച്ചത് കോടതി വിധി കാരണമാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ചിലര്‍ക്ക് വയറ്റില്‍ അസിഡിറ്റിയാണ്. അവര്‍ക്ക് മറ്റ് പണിയൊന്നുമില്ല. അവര്‍ ഇങ്ങനെ താളം പിടിച്ച് കൊണ്ടിരിക്കും. അതിനൊന്നും ഞാന്‍ പ്രാധാന്യം നല്‍കുന്നില്ലെന്നും ഉദ്ധവ് പറഞ്ഞു.












Click it and Unblock the Notifications