ജോലിപോയി, 55കാരന്‍ അമ്മയെ തല്ലിക്കൊന്നു
മുംബൈ: ജോലി പോയ വിഷമത്തില്‍ 55 കാരന്‍ അസുഖബാധിതയായ അമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മുംബൈ കൊളാബയിലെ കാശിനാഥ് ഖീര്‍ ആണ് പക്ഷാഘാതം വന്ന് കിടപ്പിലായിരുന്ന വൃദ്ധമാതാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ബുധനാഴ്ച വൈകുന്നേരം വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെയും മാതാവിനെയും ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
ഭര്‍ത്താവ് അമ്മയെ മര്‍ദ്ദിക്കുന്നത് കണ്ട ഭാര്യ കൊളാബ പോലീസ് സ്‌റ്റേഷനില്‍ ഓടിയെത്തി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ പോലീസുമൊത്ത് ഇവര്‍ വീട്ടില്‍ തിരിച്ചെത്തി മാതാവിനെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആശുപത്രിയില്‍ വെച്ച് ഇവര്‍ മരണത്തിന് കീഴടങ്ങി. വൃദ്ധയുടെ മകനായ കാശിനാഥിനെ കൊലപാതകക്കുറ്റത്തിന് പോലീസ് കസ്റ്റഡിയിലെടുത്തു.

ദുബായില്‍ ജോലി നോക്കുകയായിരുന്നു മുമ്പ് ഇയാള്‍. കാശിനാഥിന് ഏതാണ്ട് അഞ്ചുവര്‍ഷമായി സ്ഥിരജോലി ഇല്ലെന്നും രോഗിയായ അമ്മയുടെ മരുന്നിനും മറ്റും പണമില്ലാതെ ഇയാള്‍ കഷ്ടപ്പെടുകയായിരുന്നു എന്നും പോലീസ് പറഞ്ഞു. എട്ടാം ക്ലാസ് വരെ മാത്രം പഠിച്ച ഇയാള്‍ ദുബായില്‍ ഒരു ഹോട്ടല്‍ ജീവനക്കാരനായി പണിയെടുക്കുകയായിരുന്നു.
അഞ്ച് വര്‍ഷം മുമ്പ് ഇയാള്‍ മുംബൈയിലെക്ക് തിരിച്ചുവന്നെങ്കിലും ഒരു സ്ഥിരം ജോലി കണ്ടുപിടിക്കാന്‍ പറ്റിയിരുന്നില്ല. ഇയാളുടെ കുടുംബം കടുത്ത ദാരിദ്ര്യത്തിലായിരുന്നു കഴിഞ്ഞുവന്നത്. പോലീസ് കസ്റ്റഡിയിലെടുത്ത കാശിനാഥ് ഒന്നും സംസാരിക്കാന്‍ കൂട്ടാക്കായിട്ടില്ല. എന്തിനാണ് ഇയാള്‍ അമ്മയെ കൊലപ്പെടുത്തിയത് എന്നതും വ്യക്തമല്ല എന്നാണ് പോലീസ് പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.












Click it and Unblock the Notifications