കരീന കപൂറിനെന്ത് മംഗള്‍യാന്‍!
മുംബൈ: മംഗള്‍യാന്‍ നേട്ടത്തില്‍ അഭിമാനം അങ്ങ് ചൊവ്വ വരെ മുട്ടി നില്‍ക്കുകയാണ് നമ്മള്‍ ഇന്ത്യക്കാര്‍. പ്രഥമ ശ്രമത്തില്‍ തന്നെ ചൊവ്വ ദൗത്യം വിജയിപ്പിക്കാന്‍ കഴിഞ്ഞതില്‍ വകയുണ്ട് താനും. ശാസ്ത്രസമൂഹം മാത്രമല്ല രാഷ്ട്രീയക്കാരും ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളുമടക്കമുള്ള സെലിബ്രിറ്റികളും മംഗള്‍യാന്‍ മംഗളമായി കലാശിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചു കഴിഞ്ഞു.
എന്നാല്‍ മംഗള്‍യാന്‍ എന്താണെന്നറിയാത്തവരും ഈ സെലിബ്രിറ്റികളുടെ കൂട്ടത്തിലുണ്ട്. ബോളിവുഡിലെ താരറാണിയായ കരീന കപൂർ ആണ് അവരില്‍ ഒരാള്‍ എന്ന് കേട്ടാല്‍ ഞെട്ടരുത്. ഒരു ഹെയര്‍ കെയര്‍ പ്രൊഡക്ടിന്റെ പ്രമോഷന്‍ ചടങ്ങിനിടെയാണ് മംഗള്‍യാന്‍ വിജയത്തെക്കുറിച്ച് എന്താണ് പറയുന്നത് എന്ന് താരത്തോട് ചോദ്യം ഉയര്‍ന്നത്.

മംഗള്‍യാന്‍ വീണ്ടും ചലിച്ചുതുടങ്ങിയത് താരം അറിഞ്ഞിട്ടില്ലാത്തത് കൊണ്ടാണോ എന്തോ, ചോദ്യകര്‍ത്താവിനോട് ചോദ്യം ഒന്നുകൂടി ആവര്‍ത്തിക്കൂ എന്നാണ് കരീന ആവശ്യപ്പെട്ടത്. മംഗള്‍യാന്‍ വിജയത്തില്‍ എന്തുതോന്നുന്നു എന്ന് ചോദ്യം എടുത്തുചോദിച്ചതോടെ ശൂന്യാകാശത്ത് പോകാന്‍ എനിക്കും വലിയ ആഗ്രഹമാണ് എന്ന് പറഞ്ഞ് കരീന തടിതപ്പി. ബോളിവുഡുകാര്‍ ഇങ്ങനെയാണെങ്കിലും മലയാളി നടന്മാര്‍ മംഗള്‍യാന്‍ വിജയത്തില്‍ ശരിക്കും സ്‌കോര്‍ ചെയ്തുകളഞ്ഞു.
ഇന്ത്യക്കാരനായതില്‍ അഭിമാനമെന്നാണ് മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടി മംഗള്‍യാന്‍ വിജയിച്ചതിനോട് പ്രതികരിച്ചത്. ആദ്യശ്രമത്തില്‍ ജയിക്കാന്‍ കഴിഞ്ഞതോടെ ചൊവ്വാദോഷം പൊളിച്ചുകളഞ്ഞു എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്മാരെ അഭിനന്ദിക്കാനും മോഹന്‍ലാല്‍ മറന്നില്ല. സുരേഷ് ഗോപിയും മഞ്ജു വാര്യരും പൃഥ്വിരാജും കുഞ്ചാക്കോ ബോബനുമെല്ലാം മംഗള്‍യാന്‍ ദൗത്യം വിജയിച്ചതില്‍ അഭിമാനിക്കുന്നവരാണ്.












Click it and Unblock the Notifications