മോദിയുടെ മൗനം വിമര്‍ശിക്കപ്പെടണം: ഉദ്ധവ് താക്കറെ
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം വിമര്‍ശിക്കപ്പെടേണ്ടതുണ്ടെന്ന് കേന്ദ്രത്തിലെ സഖ്യകക്ഷിയായ ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ഭരണം ഏറ്റെടുത്തതിന് ശേഷം തുടര്‍ച്ചയായി ഉണ്ടായി വിവാദങ്ങളിലല്ല, മഹാരാഷ്ട്രയിലെ സീറ്റ് വിഭജന ചര്‍ച്ചയില്‍ മോദി മൗനിയായതാണ് ശിവസേനയെ ചൊടിപ്പിച്ചത്. ചര്‍ച്ചകള്‍ വഴി മുട്ടിയതിനെ തുടര്‍ന്ന് 25 വര്‍ഷമായ സഖ്യം ബി ജെ പിയും സേനയും പിരിഞ്ഞു.
സഖ്യം തകരാതിരിക്കാന്‍ നരേന്ദ്ര മോദിക്ക് പലതും ചെയ്യാമായിരുന്നു. എന്നാല്‍ അദ്ദേഹം ഒന്നും ചെയ്തില്ല - ഉദ്ധവ് താക്കറെ പറഞ്ഞു. 2002 ലെ ഗോധ്ര കലാപത്തില്‍ സര്‍വ്വരും മോദിക്ക് എതിര് നിന്നപ്പോള്‍ അദ്ദേഹത്തെ പിന്തുണച്ചത് ശിവസേന മാത്രമാണ്. മോശം ഘട്ടങ്ങളില്‍ ഞങ്ങള്‍ മോദിക്കൊപ്പം നിന്നു. എന്നാല്‍ അദ്ദേഹം ഞങ്ങളെ ചതിച്ചു - സി എന്‍ എന്‍ ഐ ബി എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി.

എല്ലാ പാര്‍ട്ടികളുടെയും ഭാവി ആശങ്കയിലാണ്. ഇത് വരെ ബി ജെ പിയും സേനയും സഖ്യകക്ഷികളായി മത്സരിച്ചു. ബി ജെ പിയുമായുള്ള സഖ്യം തകര്‍ന്നതില്‍ തനിക്ക് ദേഷ്യവും സങ്കടവുമുണ്ട് എന്ന് ശിവസേന തലവന്‍ പറഞ്ഞു. ശിവസേന ദുര്‍ബലമാണ് എന്നാണ് ബി ജെ പി വിചാരിക്കുന്നത്. അതുകൊണ്ടാണ് അവര്‍ തങ്ങളുമായുള്ള സഖ്യം അവസാനിപ്പിച്ചത്.
ബാല്‍ താക്കറെ ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ബി ജെ പി ഇതിന് ധൈര്യപ്പെടുമായിരുന്നില്ല. മുഖ്യമന്ത്രി പദം ആവശ്യപ്പെടുന്നതില്‍ എന്താണ് തെറ്റ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് തങ്ങള്‍ നരേന്ദ്ര മോദിയെ പിന്തുണച്ചില്ലേ. അദ്ദേഹം എന്നോട് സംസാരിച്ചുപോലുമില്ല- ഉദ്ധവ് പറഞ്ഞു. 288 മഹാരാഷ്ട്ര നിയമസഭയിലേക്ക് ഒക്ടോബര്‍ 15 നാണ് വോട്ടെടുപ്പ്. ഫലം ഒക്ടോബര്‍ 19ന്.












Click it and Unblock the Notifications