11കാരനെ അഞ്ചാം നിലയില്‍ നിന്നും എറിഞ്ഞുകൊന്നു
മുംബൈ: മദ്യലഹരിയിലായിരുന്ന അയൽവാസി പതിനൊന്നുകാരനെ അഞ്ചാം നിലയില്‍ നിന്നും എറിഞ്ഞു കൊലപ്പെടുത്തി. താനെയിലെ ദിവ ദാതിവാലി സ്വദേശിയായ കിരണ്‍ താംബെ എന്നയാളാണ് പതിനൊന്നുകാരനായ ബാലനെ എറിഞ്ഞുകൊന്നത്. രാഹുല്‍ എന്ന കുട്ടിയാണ് മരിച്ചത്.
മാര്‍ക്കറ്റിലെ മദ്യഷോപ്പില്‍ നിന്നും മദ്യം വാങ്ങിക്കൊടുക്കാന്‍ വിസമ്മതിച്ചതിനാണ് ഇയാള്‍ രാഹുലിനെ അഞ്ചാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞത്. സ്വകാര്യ കമ്പനിയില്‍ കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗ് ജോലിക്കാരനായ കിരണ്‍ മദ്യ ലഹരിയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.

കിരണിന്റെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രാഹുലിനെ വിളിച്ച് ഇയാള്‍ മദ്യം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മദ്യം വാങ്ങിവരാന്‍ പറ്റില്ലെന്ന് കുട്ടി ഇയാളോട് പറഞ്ഞു. ഇതില്‍ കുപിതനായ കിരണ്‍ താംബെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുത്തി മുറിവേല്‍പ്പിച്ച ശേഷം രാഹുലിനെ താഴേക്കെറിയുകയായിരുന്നു.
രാഹുലിനൊപ്പം കളിച്ചുകൊണ്ടിരുന്ന സഹോദരനാണ് അച്ഛനമ്മമാരെ വിവരം അറിയിച്ചത്. ഉടന്‍തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. അയല്‍വാസികള്‍ ചേര്‍ന്ന് ഓടിച്ച് പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇവരെ വെട്ടിച്ച് കിരണ്‍ കടന്നുകളഞ്ഞതായാണ് റിപ്പോര്‍ട്ട്. രാഹുലിന്റെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് കിരണിനെ പോലീസ് പിടികൂടി. ഇയാള്‍ക്കെതിരെ കൊലപാതക്കുറ്റത്തിന് കേസെടുത്തു.












Click it and Unblock the Notifications