ലൗഡ്‌സ്പീക്കര്‍ മാറ്റണം, ഇല്ലെങ്കില്‍ കളിമാറും, വിടാതെ രാജ് താക്കറെ, നിയമ ലംഘനമില്ലെന്ന് ശിവസേന
മുംബൈ: മഹാരാഷ്ട്രയില്‍ ലൗഡ്‌സ്പീക്കര്‍ വിഷയം വിടാതെ രാജ് താക്കറെ. ഏതെങ്കിലും മുസ്ലീം പള്ളികള്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവര്‍ വിവരമറിയുമെന്ന് രാജ് താക്കറെ പറഞ്ഞു. കടുത്ത നിലപാടുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന മുന്നോട്ട് പോവുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രവര്‍ത്തകരോട് ഹനുമാന്‍ തുടര്‍ന്നും ഉച്ചത്തില്‍ പ്ലേ ചെയ്യിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകാണ് രാജ് താക്കറെ. മുസ്ലീം പള്ളികള്‍ നിശബ്ദത പാലിക്കുന്നത് വരെ ഉച്ചത്തില്‍ ഹനുമാന്‍ ചലിസ കേള്‍പ്പിക്കാനാണ് നിര്‍ദേശം. അതും ഉച്ചത്തില്‍ തന്നെ കേള്‍പ്പിക്കാനാണ് നിര്‍ദേശം. എന്നാല്‍ ശിവസേന രാജ് താക്കറെയുടെ നിര്‍ദേശത്തെ ഗൗരവത്തിലെടുത്തിട്ടില്ല. മുസ്ലീം പള്ളികള്‍ യാതൊരു നിയമലംഘനവും നടത്തിയിട്ടില്ലെന്ന് ശിവസേന പറയുന്നു.

അതേസമയം സംസ്ഥാനത്ത് ഒരു മുസ്ലീം പള്ളിയും അനധികൃതമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ശിവസേനയുടെ പ്രതികരണം. എല്ലാ പള്ളികളും ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കാനുള്ള അനുമതി തേടിയതാണെന്നും അവര്‍ പറഞ്ഞു. മുംബൈയിലെ ചാര്‍ക്കോപ്പില്‍ ഇന്ന് എംഎന്‍എസ് പ്രവര്‍ത്തകര്‍ ലൗഡ്‌സ്പീക്കര്‍ ഹനുമാന്‍ ഉച്ചത്തില്‍ കേള്‍പ്പിച്ചിരുന്നു. മുസ്ലീം പള്ളിക്ക് സമീപമായിരുന്നു ഇത്. പലയിടത്തും പോലീസ് കേസെടുത്തിട്ടുണ്ട്. നാഷിക്കിലും പനവേലിലും ഒന്നിലധികം എഫ്‌ഐആറുകള്‍ എംഎന്‍എസ് പ്രവര്‍ത്തകര്‍ക്കെതിരെയുണ്ട്. സംഘര്‍ഷമുണ്ടാക്കുന്ന തരത്തില്‍ ഹനുമാന്‍ ചലിസ പ്ലേ ചെയ്തതിന് കുറച്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മുംബൈയിലും സമീപത്തെ നഗരങ്ങളിലും വന്‍ തോതില്‍ പോലീസ് സന്നാഹമുണ്ടായിരുന്നു. കലാപത്തിന് സമാനമായ സാഹചര്യമാണ് എംഎന്‍എസ് ഉണ്ടാക്കിയതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കേസ് വന്നിട്ടൊന്നും ഇവര്‍ അടങ്ങാന്‍ തയ്യാറായില്ല. മുംബൈയില്‍ രാജ് താക്കറെ ഇന്ന് വാര്‍ത്താസമ്മേളനം വിളിക്കുകയും ചെയ്തു. മുസ്ലീം പള്ളികളില്‍ നിന്ന് ലൗഡ്‌സ്പീക്കര്‍ നീക്കം ചെയ്യാതെ പിന്നോട്ടില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നിയമം പാലിക്കാത്തവരെ വെറുതെ വിടുകയും, എംഎന്‍എസ്സ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയുമാണ് മുംബൈ പോലീസ് ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം തന്നെ ഭയന്ന് പലരും ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം പള്ളികളില്‍ 92 ശതമാനവും പ്രഭാത നമസ്‌കാരത്തിനായി എംഎന്‍എസ്സിനെ പേടിച്ച് ലൗഡ്്‌സ്പീക്കര്‍ ഉപയോഗിച്ചിട്ടില്ല. മുംബൈയില്‍ 1104 പള്ളികളാണ് ഉള്ളത്. ഇതില്‍ 135 മുസ്ലീം പള്ളികള്‍ മാത്രമാണ് രാവിലെയുള്ള നിസ്‌കാരത്തിന് ലൗഡ്‌സ്പീക്കര്‍ ഉപയോഗിച്ചത്. ഈ പള്ളികള്‍ക്കെതിരെ എന്ത് നടപടിയെടിയാണ് എടുക്കേണ്ടത്. ഇവര്‍ നിയമം ലംഘിക്കുകയാണ് ചെയ്തതെന്നും രാജ് താക്കറെ അവകാശപ്പെട്ടു. എംഎന്‍എസ് പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് എന്തിനാണ് അറസ്റ്റ് ചെയ്യുന്നത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയില്ലേ. പ്രഭാത നിസ്‌കാരത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഇക്കാര്യം. ഒരു ദിവസം നാല് നേരം ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടി ശബ്ദത്തില്‍ ഹനുമാന്‍ ചലിസ കേള്‍പ്പിക്കുമെന്നും രാജ് താക്കറെ മുന്നറിയിപ്പ് നല്‍കി.
ഈ പ്രതിഷേധം ഒരു ദിവസം മാത്രമേ നീണ്ട് നില്‍ക്കൂ എന്ന് കരുതേണ്ട. മുസ്ലീം പള്ളികള്‍ക്ക് ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കണമെങ്കില്‍ സുപ്രീം കോടതി പറഞ്ഞത് പ്രകാരമുള്ള ഡെസിബെല്‍ പരിധിയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും രാജ് താക്കറെ പറഞ്ഞു. അതേസമയം ഒരു നിയമലംഘനവും നടന്നിട്ടില്ലെന്ന് ശിവസേന പറഞ്ഞു. രാജ് താക്കറെ ഞങ്ങളെ ഹിന്ദുത്വം പഠിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാജ ഹിന്ദുത്വവാദികള്‍ ശിവസേനയെ വീഴ്ത്താന്‍ ഗൂഢാലോചന നടത്തി ഇറങ്ങിയിരിക്കുകയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പഞ്ഞു. പല ക്ഷേത്രങ്ങളിലും ഇന്ന് ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചില്ല. മുസ്ലീം പള്ളികളില്‍ ആരും ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കാത്തത് കൊണ്ടാണിത്. ഹിന്ദുക്കള്‍ക്കിത് കരിദിനമാണെന്നും റാവത്ത് പറഞ്ഞു.
ഇത് ഹിന്ദുക്കള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാക്കാനുള്ള ഗൂഢാലോചനയാണെന്നും റാവത്ത് പറഞ്ഞു. ബിജെപിയാണ് ഇതിന് പിന്നില്‍. അവര്‍ രാജ് താക്കറെയെ ഇതിനായി ബലി കഴിപ്പിച്ചിരിക്കുകയാണെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് എല്ലായിടത്തും ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കുന്നത്. ആരെങ്കിലും നിയമം ലംഘിച്ചതിനാല്‍ നേരിടാന്‍ സര്‍ക്കാര്‍ പ്രാപ്തരാണ്. മുംബൈയിലോ മഹാരാഷ്ട്രയിലോ പ്രതിഷേധം നടത്തേണ്ട തരത്തില്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications