മുസ്ലീം പള്ളികളില്‍ ലൗഡ്‌സ്പീക്കറുകള്‍ നീക്കണം, ഇല്ലെങ്കില്‍... മുന്നറിയിപ്പുമായി രാജ് താക്കറെ
മുംബൈ: മുസ്ലീം പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ നിയമം എംഎന്‍എസ് കൈയ്യിലെടുക്കുമെന്നും രാജ് താക്കറെ വ്യക്തമാക്കി. ഇത്ര ഉയര്‍ന്ന ശബ്ദത്തോടെ ഉച്ചഭാഷിണി പ്രവര്‍ത്തിക്കാന്‍ എന്തിനാണ് അനുമതി നല്‍കിയത്. ഇത് നിര്‍ത്തിയില്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാവും. തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുസ്ലീം പള്ളികള്‍ക്ക് മുന്നില്‍ ഹനുമാന്‍ ചലിസ ഉച്ചത്തില്‍ വെക്കുമെന്നും രാജ് താക്കറെ മുന്നറിയിപ്പ് നല്‍കി. താനൊരു മതത്തിനും എതിരല്ല. എന്റെ മതത്തെ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുമുണ്ട്. പക്ഷേ മുസ്ലീം പള്ളികളില്‍ ഉച്ചഭാഷിണി ആവശ്യമില്ലാത്ത കാര്യമാണെന്നും താക്കറെ പറഞ്ഞു.

മുംബൈയിലെ ശിവാജി പാര്‍ക്കില്‍ എംഎന്‍എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയായിരുന്നു രാജ് താക്കറെയുടെ വിവാദ പരാമര്‍ശം. ഞാനൊരു പ്രാര്‍ത്ഥനയ്ക്കും എതിരല്ല. ഏതെങ്കിലും മതത്തിനും എതിരല്ല. എന്റെ സ്വന്തം മതത്തില്‍ അഭിമാനം കൊള്ളുന്നയാളാണ് ഞാന്‍. പക്ഷേ ഉച്ചഭാഷിണികള്‍ ഉച്ചത്തില്‍ പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ തീര്‍ച്ചയായും അതിന് പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും രാജ് താക്കറെ മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങളുടെ വിശ്വാസത്തെയാണ് വഞ്ചിച്ചത്. തിരഞ്ഞെടുപ്പില്‍ ആരെയാണോ അവര്‍ എതിര്‍ത്തത് അവരോടൊപ്പം തിരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്നുവെന്നും രാജ് താക്കറെ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പിന് ശേഷം ദേവേന്ദ്ര ഫട്‌നാവിസിനെയാണ് മുഖ്യമന്ത്രിയായി ഉയര്‍ത്തി കാണിച്ചത്. എന്നാല്‍ ഉദ്ധവ് ഒരക്ഷരം പോലും ഇതിനെതിരെ പറഞ്ഞിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ മുഖ്യമന്ത്രിയാവാമെന്ന് ഉദ്ധവിന് മനസ്സിലാവുകയായിരുന്നു. അതിന് ശേഷമാണ് പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് ഉദ്ധവ് സര്‍ക്കാരുണ്ടാക്കിയതെന്നും രാജ് താക്കറെ ആരോപിക്കുന്നു. എന്‍സിപിക്കെതിരെയും രാജ് രംഗത്ത് വന്നു. മഹാരാഷ്ട്രയില്‍ ജാതീയമായ വിദ്വേഷം പ്രചരിപ്പിക്കുന്നത് എന്‍സിപിയാണ്. അവരുടെ രൂപീകരണ കാലം മുതല്‍ അക്കാര്യങ്ങളാണ് എന്‍സിപി ചെയ്തുവരുന്നതെന്നും രാജ് താക്കറെ പറഞ്ഞു.
ഇന്ന് സംസ്ഥാനത്താകെ ജനങ്ങള്‍ ജാതി പ്രശ്‌നത്തിന്റെ പേരില്‍ തമ്മിലടിക്കുകയാണ്. അതില്‍ നിന്ന് എന്നാണ് നമ്മള്‍ പുറത്തുവരിക. അതിന് ശേഷം എന്നാണ് നമ്മള്‍ ഹിന്ദുക്കളായി മാറുകയെന്നും രാജ് താക്കറെ ചോദിച്ചു. എംഎല്‍എമാര്‍ക്ക് മുംബൈയില്‍ വീടുകള്‍ നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും രാജ് താക്കറെ വിമര്‍ശനമുന്നയിച്ചു. ആദ്യം ഇവരുടെ പെന്‍ഷനാണ് നിര്‍ത്തേണ്ടത്. ഇവരുടെ സ്വന്തം പ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യുന്നുണ്ടോ? ഇവരുടെ ബംഗ്ലാവുകള്‍ പിടിച്ചെടുക്കണം, അതിന് ശേഷം ഈ വീടുകള്‍ നല്‍കാം. മുഖ്യമന്ത്രിയാണ് ഈ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നതെന്നും രാജ് താക്കറെ പറഞ്ഞു.












Click it and Unblock the Notifications