മോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച് സാമ്‌ന
മുംബൈ: ശിവസേന സഹായിക്കാനില്ലായിരുന്നെങ്കില്‍ നരേന്ദ്ര മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് പോലും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജയിക്കില്ലായിരുന്നു എന്ന് ശിവസേനയുടെ മുഖപത്രമായ സാമ്‌ന. ശിവസേനയുടെ മുതിര്‍ന്ന നേതാവും സാമ്‌ന എഡിറ്ററുമായ പ്രേം ശുക്ലയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി ലക്ഷ്യം വെച്ചുകൊണ്ട് സാമ്‌നയില്‍ കോളം എഴുതിയത്.
മഹാരാഷ്ട്രയിലെ സീറ്റ് വിഭജന തര്‍ക്കത്തെ തുടര്‍ന്ന് ബി ജെ പി യും സേനയും സഖ്യം പിരിഞ്ഞതിന് പിന്നാലെ തുടങ്ങിയ രാഷ്ട്രീയ ആക്രമണങ്ങളാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുടുംബം വരെയെത്തി നില്‍ക്കുന്നത്. ഉദ്ധവ് താക്കറെ അടക്കമുള്ള ശിവസേന നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നരേന്ദ്ര മോദിയെ വ്യക്തിപരമായി വിമര്‍ശിച്ചിരുന്നു.

ഒരു ആവേശത്തിന്റെ പുറത്ത് എഴുതിപ്പോയ കാര്യമല്ല സാമ്‌നയിലെ ഈ കോളം. താന്‍ എഴുതിയ കാര്യങ്ങളില്‍ പൂര്‍ണമായും ഉറച്ചുനില്‍ക്കുന്നു എന്നാണ് പ്രേം ശുക്ല പിന്നീട് ഇതേക്കുറിച്ച് പറഞ്ഞത്. തന്റെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാന്‍ തനിക്ക് സ്വാതന്ത്ര്യമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ശിവസേന തലവന്‍ ഈ ലേഖനത്തെ പിന്തുണച്ചില്ല.
പ്രേം ശുക്ലയുടെ വ്യക്തിപരമായ അഭിപ്രായമാണ് ഇതെന്നാണ് ഉദ്ധവ് താക്കറെ പ്രതികരിച്ചത്. പ്രേം ശുക്ലയുടെ എഴുത്തിന്റെ രീതിയോട് ശിവസേനയിലെ പല പ്രമുഖരും എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. മോദിക്ക് പ്രധാനമന്ത്രിയാകാമെങ്കില്‍ താക്കറെയുടെ മകന് മുഖ്യമന്ത്രിയുമാകാം എന്ന് നേരത്തെ ഉദ്ധവ് താക്കറെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മഹാരാഷ്ട്ര അസംബ്ലിയിലേക്ക് വോട്ടിംഗ് പുരോഗമിക്കുകയാണ്.












Click it and Unblock the Notifications