കാറിടിച്ചത് സല്‍മാന്‍ ഖാനല്ല, താനാണെന്ന് ഡ്രൈവര്‍
മുംബൈ: മദ്യപിച്ച് വാഹനമോടിച്ച് വഴിയരുകില്‍ ഉറങ്ങുകയായിരുന്നയാളെ കൊലപ്പെടുത്തിയ കേസില്‍ ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് അനുകൂലമായി ഡ്രൈവറുടെ മൊഴി. സംഭവം നടക്കുമ്പോള്‍ താനാണ് വണ്ടിയോടിച്ചിരുന്നതെന്ന് സല്‍മാന്‍ ഖാന്റെ ഡ്രൈവര്‍ അശോക് സിംഗ് കോടതിയില്‍ പറഞ്ഞു. മുംബൈയിലെ വിചാരണക്കോടതിയിലാണ് അശോക് സിംഗ് ഇക്കാര്യം ഏറ്റുപറഞ്ഞത്.
മുംബൈ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ നടക്കവേ കഴിഞ്ഞ ദിവസം സല്‍മാന്‍ ഖാനും ഇതേ മൊഴി തന്നെയാണ് നല്‍കിയത്. സംഭവസമയം തന്റെ ഡ്രൈവറാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് സല്‍മാന്‍ ഖാന്റെ വാദം. കാറോടിച്ചതും താനല്ല, താന്‍ അപ്പോള്‍ മദ്യപിച്ചിരുന്നുമില്ല എന്നാണ് സല്‍മാന്‍ പറയുന്നത്. 2002 സപ്തംബര്‍ 28നായിരുന്നു മുംബൈയിലെ ബാന്ദ്രയില്‍ വെച്ച് സല്‍മാന്‍ ഖാന്റെ കാര്‍ വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്.

സല്‍മാന്‍ഖാന്‍ ഇറങ്ങിവരുന്നത് കണ്ടെന്ന് ദൃക്‌സാക്ഷി കോടതിയില്‍ നിര്‍ണായകമായ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇടതുവശത്തെ ഡോര്‍ ജാം ആയതിനാല്‍ ആണ് ഡ്രൈവറുടെ സീറ്റിലൂടെ ഇറങ്ങേണ്ടിവന്നത് എന്നാണ് സല്‍മാന്‍ ഇതിനെ പ്രതിരോധിച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നാണ് സൂപ്പര്‍ താരത്തിന്റെ ആരോപണം.
എസ് യു വിയുടെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായതെന്ന് അശോക് സിംഗ് കോടതിയില്‍ പറഞ്ഞു. അപകടം നടന്നയുടന്‍ തന്റെ ഡ്രൈവര്‍ പോലീസിനോട് ഇക്കാര്യം പറഞ്ഞിരുന്നു എന്ന് സല്‍മാന്‍ പറയുന്നു. എന്നാല്‍ ഈ മൊഴി രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായില്ലത്രെ.












Click it and Unblock the Notifications