കാറപകടം: ദുര്‍ഗാദേവി രക്ഷിച്ചെന്ന് ശില്‍പ ഷെട്ടി
ജലന്ധര്‍: ബോളിവുഡ് സിനിമാ താരം ശില്‍പ ഷെട്ടിയുടെ കാര്‍ അപടത്തില്‍ പെട്ടു. ഭര്‍ത്താവ് രാജ് കുന്ദ്രയ്‌ക്കൊപ്പം ജലന്ധറില്‍ നിന്നും മുംബൈയിലേക്ക് വരുന്ന വഴിയാണ് ശില്‍പ ഷെട്ടിയുടെ കാര്‍ അപകടത്തില്‍ പെട്ടത്. താരദമ്പതികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ദുര്‍ഗാ ദേവിയുടെ അനുഗ്രഹം കൊണ്ടാണ് ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് ശില്‍പ ഷെട്ടി പിന്നീട് പറഞ്ഞു.
മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ശില്‍പ ഷെട്ടിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിതവേഗതതില്‍ എതിര്‍ദിശയില്‍ നിന്നും വന്ന കാര്‍ നടിയുടെ കാറുമായി ഇടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ജലന്ധറില്‍ ഒരു പ്രമോഷണല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ശില്‍പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും.

ശില്‍പ ഷെട്ടിയുടെ കാറില്‍ ഇടിച്ച കാര്‍ അമിത വേഗതയിലായിരുന്നു. കാര്‍ ഡ്രൈവര്‍ അശ്രദ്ധമായാണ് വാഹനം ഓടിച്ചിരുന്നതെന്നും അപകടത്തില്‍ തങ്ങള്‍ മരണപ്പെടാന്‍ വരെ സാധ്യതയുണ്ടായിരുന്നു എന്നും ശില്‍പ ഷെട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദുര്‍ഗാ ദേവിയുടെ കടുത്ത ഭക്തയായ ശില്‍പ ഷെട്ടി ദേവിയാണ് തങ്ങളെ പരിക്കേല്‍ക്കാതെ രക്ഷിച്ചത് എന്ന് വിശ്വസിക്കുന്നു.
ബോളിവുഡിലെ മുന്‍ നിര നടിമാരില്‍ ഒരാളും ഐ പി എല്‍ ക്രിക്കറ്റ് ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമയുമാണ് ശില്‍പ ഷെട്ടി. പ്രമുഖ വ്യവസായിയാണ് ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര. ഇരുവരുടെയും സുരക്ഷ ഉദ്യോഗസ്ഥര്‍ കാര്‍ ഡ്രൈവറെ പിടികൂടി മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications