പേര് മാറി: സംവിധായകന്‍ മാപ്പ് പറയണമെന്ന് നടി
മുംബൈ: ബോളിവുഡ് വിവാദ സംവിധായകനായ രാം ഗോപാല്‍ വര്‍മയ്ക്ക് നടി ശ്രീദേവിയുടെ വക വക്കീല്‍ നോട്ടീസ്. എന്തിനാണ് നോട്ടീസ് എന്നല്ലേ, പുതിയ ചിത്രത്തിന് തന്റെ പേരിട്ടു എന്ന് ആരോപിച്ചാണ് നോട്ടീസ്. പരസ്യമായി മാപ്പ് പറഞ്ഞ് പത്രത്തില്‍ പ്രസിദ്ധീകരിക്കണം എന്നാണ് നടിയുടെ ഡിമാന്‍ഡ്. എന്നാല്‍ മാപ്പ് പറയുന്ന പ്രശ്‌നമില്ലെന്ന നിലപാടിലാണ് വര്‍മ.
മാപ്പ് പറയില്ലെന്ന് മാത്രമല്ല ഇതേ പേരുമായി തന്റെ ചിത്രം മുന്നോട്ട് പോകുകയും ചെയ്യും. വര്‍മ പറയുന്ന കാരണം ലളിതമാണ്. ശ്രീദേവി എന്നാണ് ചിത്രത്തിന്റെ പേര്. ഈ പേര് ആരും പേറ്റന്റ് എടുത്തിട്ടില്ല. കൗമാരക്കാരനും 25 കാരിയും തമ്മിലുള്ള ആകര്‍ഷണത്തിന്റെ കഥ പറയുന്ന ചിത്രത്തിന് തന്റെ പേരിട്ടതാണ് ശ്രീദേവിയെ ചൊടിപ്പിച്ചത്.

സാവിത്രി എന്നായിരുന്നു ചിത്രത്തിന് ആദ്യമിട്ട പേര്. പിന്നീട് അത് ശ്രീദേവി എന്ന് മാറ്റുകയായിരുന്നു. സിനിമയുടെ പേര് മാറ്റുന്ന കാര്യമറിഞ്ഞ് ശ്രീദേവിയും ഭര്‍ത്താവ് ബോണി കപൂറും വര്‍മയെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നത്രെ. എന്നാല്‍ രാം ഗോപാല്‍ വര്‍മ പ്രതികരിക്കാന്‍ നില്‍ക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു എന്നാണ് ശ്രീദേവി ആരോപിക്കുന്നത്.
തന്റെ പേര് സിനിമയ്ക്ക് ടൈറ്റിലായി ഉപയോഗിക്കാന്‍ താന്‍ ആര്‍ക്കും സമ്മതം നല്‍കിയിട്ടില്ല എന്നാണ് നടി പറയുന്നത്. മാത്രമല്ല ലൈംഗികത വിഷയമാക്കി എടുക്കുന്ന ചിത്രത്തിന് തന്റെ പേരിട്ടാല്‍ ആളുകള്‍ കരുതും ഇത് തന്റെ കഥയാണെന്ന്. മാപ്പ് പറഞ്ഞ് പ്രശ്‌നം സെറ്റിലാക്കാന്‍ മൂന്ന് ദിവസത്തെ സമയമാണ് ശ്രീദേവിയും ബോണി കപൂറും രാം ഗോപാല്‍ വര്‍മയ്ക്ക് നല്‍കിയിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള പബ്ലിസിറ്റി സ്റ്റണ്ടാണോ സംഭവം എന്ന് സംശയിക്കുന്നവരും കുറവല്ല.












Click it and Unblock the Notifications