ബുര്‍ഖധാരികള്‍ എടിഎം കുത്തിത്തുറന്നു
മുംബൈ: ബുര്‍ഖ ധരിച്ചെത്തിയ രണ്ട് പേര്‍ ചേര്‍ന്ന് എ ടി എം മെഷീന്‍ തുറന്ന് 16 ലക്ഷം രൂപയുമായി കടന്നു. ഭീവാണ്ടി - താനെ റോഡിലെ കാവല്‍ക്കാരനില്ലാത്ത എ ടി എം കൗണ്ടറിലാണ് മോഷണം നടന്നത്. ഒരു സി സി ടി വി ക്യാമറ മാത്രമേ എ ടി എം കൗണ്ടറില്‍ ഉണ്ടായിരുന്നുള്ളൂ.
പുലര്‍ച്ചെ എ ടി എം കൗണ്ടര്‍ തുറന്നുകിടക്കുന്നത് കണ്ട് സംശയം തോന്നിയ വഴിയാത്രക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് സംഘം ഉടനടി സ്ഥലത്തെത്തി ബാങ്കില്‍ വിവരം അറിയിക്കുകയായിരുന്നു. ബാങ്ക് അധികൃതര്‍ കൂടി സ്ഥലത്തെത്തിയ ശേഷം സി സി ടി വി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണവിവരം വ്യക്തമായത്.

ബുര്‍ഖ ധാരികളായ രണ്ടുപേര്‍ എ ടി എം കൗണ്ടറിനടകത്ത് കടക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ എ ടി എം മെഷൂന്‍ കുത്തിത്തുറക്കുകയോ പൊളിക്കുകയോ ചെയ്തിട്ടില്ല എന്നാണ് വിദഗ്ധരുടെ നിരീക്ഷണം. രഹസ്യ പാസ് വേര്‍ഡ് ഉപയോഗിച്ചാണ് മെഷീന്‍ തുറന്നിരിക്കുന്നത്. ബാങ്കിലെ ആളുകള്‍ തന്നെയാകാം മോഷണത്തിന് പിന്നില്‍ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
പാസ് വേര്‍ഡ് അറിയാവുന്ന, ബാങ്കുമായി ബന്ധപ്പെട്ട ആളുകളെ ചോദ്യം ചെയ്ത് വരികയാണ് എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബാംഗ്ലൂരിലെ ഒരു എ ടി എം കൗണ്ടറില്‍ മലയാളി സ്ത്രീ ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം എ ടി എം കൗണ്ടറുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വേണമെന്ന് നിര്‍ബന്ധമാക്കിയിരുന്നു. ജനുവരി 31 ന് മുമ്പായി എ ടി എം കൗണ്ടറുകളില്‍ അകത്തും പുറത്തുമായി രണ്ട് ക്യാമറകളും കാവല്‍ക്കാരെയും നിര്‍ത്താന്‍ മഹാരാഷ്ട്ര സര്‍ക്കാരും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications