സോണിയ ഗാന്ധി കൊല്ലപ്പെടുമെന്ന് രാഹുല്‍ പേടിച്ചതില്‍ എന്താണ് തെറ്റ്?
ദില്ലി: രാജീവ് ഗാന്ധിയും ഇന്ദിരാ ഗാന്ധിയും കൊല്ലപ്പെട്ടത് പോലെ സോണിയാ ഗാന്ധിയും കൊല്ലപ്പെടുമോ എന്ന പേടി കൊണ്ട് രാഹുല്‍ ഗാന്ധിയാണ് പ്രധാനമന്ത്രിയാകുന്നതില്‍ നിന്നും അമ്മയെ തടഞ്ഞത് എന്നാണ് നട് വര്‍ സിങ് വെളിപ്പെടുത്തുന്നത്. വെറും ഒരു മുന്‍ കേന്ദ്രമന്ത്രി മാത്രമല്ല കോണ്‍ഗ്രസിന് നട് വര്‍ സിങ്. ഗാന്ധി കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള നേതാവ് കൂടിയാണ്.
എന്നാല്‍ നട് വര്‍ സിങിന്റെ ആത്മകഥയോട് സമ്മിശ്ര പ്രതികരണങ്ങളാണ് കോണ്‍ഗ്രസില്‍ നിന്നും ഉയരുന്നത്. രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെ പുസ്തകം എഴുതുന്ന സിങിന്റെ ലക്ഷ്യം ബി ജെ പി എം എല്‍ എയായ മകന്റെ ഉയര്‍ച്ചയാണ് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ആരോപിക്കുന്നു. മകന് വേണ്ടിയാണ് സിങ് ഇത് പറയുന്നത്. പല പല പാര്‍ട്ടികളില്‍ പോയ ആളാണ് സിങിന്റെ മകന്‍.

അഥവാ രാഹുല്‍ ഗാന്ധി അങ്ങനെ പറഞ്ഞെങ്കില്‍ തന്നെ അതിലെന്താണ് തെറ്റ് എന്നാണ് മുന്‍ കേന്ദ്രമന്ത്രി അംബികാ സോണി ചോദിക്കുന്നത്. രാഹുലിന് അച്ഛനെയും മുത്തശ്ശിയെയും നഷ്ടപ്പെട്ടു. അമ്മയെയും നഷ്ടപ്പെടുമോ എന്ന പേടി സ്വാഭാവികമല്ലേ. ഞാന്‍ കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് ഒരിക്കല്‍പോലും സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് ഫയലുകള്‍ പോയതായി അറിവില്ല. പുസ്തകത്തിന്റെ പബ്ലിസിറ്റിക്ക് വേണ്ടി സിങ് എഴുതിയതാകാനും മതി ഇക്കാര്യങ്ങള്‍.
നട് വര്‍ സിങ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് എന്നാണ് ആനന്ദ് ശര്‍മ പറഞ്ഞത്. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച ആളാണ് അദ്ദേഹം. എന്നാല്‍ ഒമ്പത് വര്‍ഷത്തിന് ശേഷം ഇക്കാര്യത്തില്‍ എന്ത് പുതിയ അറിവാണ് സിങിന് കിട്ടിയത്. അതോ അദ്ദേഹത്തിന്റെ ഓര്‍മ ശക്തി അത്രയും ശക്തമാണോ. - വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫ് എന്ന ആത്മകഥയിലാണ് നട് വര്‍ സിങ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തുവന്നത്.












Click it and Unblock the Notifications