ദില്ലിയിൽ വീണ്ടും യുവതിയുടെ കൊലപാതകം, 25 കാരിയെ പങ്കാളി കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം ഉപേക്ഷിച്ചു
ദില്ലി: രാജ്യതലസ്ഥാനത്ത് വീണ്ടും ക്രൂരമായ കൊലപാതകം. 25കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ലിവ് ഇന്‍ പങ്കാളിയായ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം വീടിന് പുറത്ത് 12 കിലോ മീറ്റര്‍ അകലെ ഉപേക്ഷിച്ചുവെന്നും പോലീസ് വ്യക്തമാക്കി.
ഏപ്രില്‍ 12നാണ് ഒരു വീടിന് പുറത്ത് ഒരു സ്ത്രീയുടെ മൃതദേഹം കിടക്കുന്നതായി രാത്രി വളരെ വൈകി പോലീസിന് വിവരം ലഭിക്കുന്നത്. യുവതിയുടെ ശരീരത്തില്‍ പാടുകളോ മുറിവുകളോ പോലീസിന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിലൂടെയാണ് കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയത് എന്ന് കണ്ടെത്തിയത് എന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജോയ് തിര്‍ക്കി പറഞ്ഞു.

രോഹിന ആണ് കൊല്ലപ്പെട്ട യുവതി എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രോഹിനയുടെ പങ്കാളി ആയിരുന്ന വിനീതിന് വേണ്ടി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. പ്രണയത്തിലായിരുന്ന ഇരുവരും നാല് വര്‍ഷം മുന്‍പാണ് ഒളിച്ചോടിയതും ഒരുമിച്ച് ജീവിക്കാന്‍ ആരംഭിച്ചതും. രോഹിന വിവാഹത്തിന് നിരന്തരമായി നിര്‍ബന്ധിച്ചതും സംഭവദിവസും അതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ വഴക്കിട്ടതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് കരുതുന്നത്.
രോഹിനയുടെ മൃതദേഹം പുറത്ത് ഉപേക്ഷിക്കാന്‍ വിനീതിന് ഒരു സുഹൃത്തിന്റെ സഹായം ലഭിച്ചതായും പോലീസ് പറയുന്നു. രോഹിനയെ കൊലപ്പെടുത്തിയ ശേഷം വിനീത് സുഹൃത്തിനെ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. മാത്രമല്ല വിനീതിന്റെ സഹോദരി പരുളും സഹായിച്ചതായുളള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സമീപ പ്രദേശത്തുളള ഒരു സിസിടിവി ക്യാമറ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക തെളിവ് പോലീസിന് ലഭിച്ചിരിക്കുന്നത്. വീഡിയോയില്‍ രണ്ട് പുരുഷന്മാര്‍ ഒരു സ്ത്രീയുടെ മൃതദേഹവുമായി ബൈക്കില്‍ പോകുന്നത് കാണാം. 12 കിലോമീറ്ററോളം അകലത്തേക്കാണ് ബൈക്ക് പോയത്. പുരുഷന്മാരില്‍ ഒരാള്‍ മൃതദേഹം ചുമലിലേറ്റി നടക്കുന്നതും പരുള്‍ പിറകില്‍ നടക്കുന്നതുമായുളള ദൃശ്യവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പരുള്‍ തന്റെ ഷാള്‍ ഉപയോഗിച്ചാണ് മൃതദേഹത്തിന്റെ മുഖം മറച്ചത്.
പരുളിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 20ന് പരുള്‍ തന്റെ രണ്ട് മക്കളുമൊത്ത് താമസിക്കുന്ന വീടൊഴിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പരുളിന്റെ നീക്കങ്ങള്‍ പോലീസ് മനസ്സിലാക്കിയത്. കിഴക്കന്‍ ദില്ലിയിലേക്കാണ് പരുള്‍ പോയത്. ഇവിടെ വെച്ച് പോലീസിന്റെ പിടിയിലായി. 50 അംഗ പ്രത്യേക സംഘം രൂപീകരിച്ചാണ് കൊലപാതക കേസ് പോലീസ് അന്വേഷിക്കുന്നത്. വിനീത് ഒരു കൊലക്കേസില്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട പ്രതിയാണെന്ന് പോലീസ് പറയുന്നു. ഇയാള്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് ജാമ്യത്തിലിറങ്ങിയത്.












Click it and Unblock the Notifications