കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീനിയര്‍ പോരുമായി ചൗധരി, സച്ചിനും സിന്ധ്യയുമല്ല തിരഞ്ഞെടുപ്പ് വിജയിപ്പിച്ചത്, അധികാര കൊതി!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ സീനിയര്‍ ജൂനിയര്‍ പോരാട്ടം വീണ്ടും കടുക്കുന്നു. യുവനേതാക്കള്‍ക്ക് അധികാരകൊതിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തി. 60 കഴിഞ്ഞ എല്ലാവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാമെന്നാണോ ഇവര്‍ കരുതുന്നതെന്നും ചൗധരി ചോദിച്ചു. സച്ചിനും ജ്യോതിരാദിത്യ സിന്ധ്യയും പോകുന്നത് കൊണ്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ചൗധരി. കുല്‍ദീപ് ബിഷ്‌ണോയ് നേതൃത്വത്തിനെതിരെ രംഗത്ത് വന്ന സാഹചര്യത്തിലാണ് ചൗധരി തന്നെ മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്.

യുവനേതാക്കള്‍ക്ക് അധികാരകൊതി

യുവനേതാക്കള്‍ക്ക് അധികാരകൊതി

കോണ്‍ഗ്രസിലെ ഒരുപറ്റം യുവനേതാക്കള്‍ അധികാരകൊതിയന്‍മാരായി മാറിയിരിക്കുകയാണ്. അവര്‍ക്ക് അധികാരമില്ലാതെ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ പാര്‍ട്ടിയെ വിട്ടുപോകുന്നത്. കേന്ദ്രത്തില്‍ അടുത്തൊന്നും കോണ്‍ഗ്രസ് അധികാരത്തില്‍ വരില്ലെന്നാണ് ഈ വിഭാഗം കരുതുന്നത്. അതുകൊണ്ടാണ് ഇവര്‍ അധികാരത്തിന് വേണ്ടി ബിജെപിയിലേക്ക് പോകുന്നതെന്നും ചൗധരി ചോദിക്കുന്നു. സീനിയര്‍ നേതാക്കളുടെ സ്വരമാണ് ചൗധരിയിലൂടെ പുറത്തുവന്നിരിക്കുന്നത്.

പാര്‍ട്ടിക്ക് സംഭവിക്കുന്നത്

പാര്‍ട്ടിക്ക് സംഭവിക്കുന്നത്

യുവനേതാക്കളുടെ കൊഴിഞ്ഞുപോക്ക് കോണ്‍ഗ്രസിനെ ബാധിക്കും. എന്നാല്‍ അത് ചെറിയൊരളവില്‍ മാത്രമാണ്. ദീര്‍ഘകാലത്തേക്ക് ഇത് പാര്‍ട്ടിക്കാണ് ഗുണം ചെയ്യുക. ആരൊക്കെയാണ് ഉറച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്ന് ഇതിലൂടെ തിരിച്ചറിയാം. അച്ചടക്കവും പ്രത്യയശാസ്ത്രവും ഒരിക്കലും അടിയറവ് വെക്കാനാവില്ല. അതും വ്യക്തിതാല്‍പര്യങ്ങള്‍ക്ക് വേണ്ടി. സച്ചിനും സിന്ധ്യക്കും പുറമേ ഇനിയും യുവനേതാക്കള്‍ പാര്‍ട്ടി വിടും. അതിലൊന്നും കാര്യമില്ലെന്നും ചൗധരി പറഞ്ഞു.

സീനിയര്‍ ടീമിന്റെ പോര്

സീനിയര്‍ ടീമിന്റെ പോര്

കുല്‍ദീപ് ബിഷ്‌ണോയിയുടെ പ്രഖ്യാപനങ്ങള്‍ വലിയ ഗൗരവത്തോടെയാണ് സീനിയര്‍ ടീം കാണുന്നത്. പാര്‍ട്ടിയില്‍ യുവനേതൃത്വം തങ്ങള്‍ക്കെതിരെ ഒന്നിക്കുന്നതായി ഇവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ശക്തമായി തന്നെ നേരിടാനാണ് ചൗധരിയെ കളത്തില്‍ ഇറക്കിയത്. ജ്യോതിരാദിത്യ സിന്ധ്യയെയും സച്ചിനെയും കോണ്‍ഗ്രസ് ഒരിക്കലും തഴഞ്ഞിട്ടില്ല. പല രാഷ്ട്രീയ പാര്‍ട്ടികളിലും ഒരുപാട് കഴിവുള്ള നേതാക്കളുണ്ട്. അവര്‍ക്കൊന്നും അര്‍ഹിച്ച പദവികളും ലഭിച്ചിട്ടില്ല. എന്നാല്‍ പാര്‍ട്ടി വിട്ട് പോകാന്‍ ഇവരൊന്നും തയ്യാറായില്ല. പാര്‍ട്ടിയോടുള്ള സമര്‍പ്പണം ഇവര്‍ക്കില്ലാത്തതാണ് പ്രശ്‌നമെന്ന് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

തിരഞ്ഞെടുപ്പ് അവരല്ല വിജയിപ്പിച്ചത്

തിരഞ്ഞെടുപ്പ് അവരല്ല വിജയിപ്പിച്ചത്

ജ്യോതിരാദിത്യ സിന്ധ്യയാണ് മധ്യപ്രദേശില്‍ അധികാരം നേടിത്തന്നതെന്ന വാദം ചൗധരി തള്ളി. സിന്ധ്യ ഒരിക്കലും കോണ്‍ഗ്രസിന് വേണ്ടി അധികാരം നേടി തന്നിട്ടില്ല. അതാണ് സത്യാവസ്ഥയെങ്കില്‍, ലോക്‌സഭയില്‍ ഗുണയില്‍ നിന്ന് സിന്ധ്യ എങ്ങനെയാണ് പരാജയപ്പെട്ടത്. അത്രയ്ക്ക് ജനപ്രീതി ഉണ്ടെങ്കില്‍ അത് സാധ്യമാകില്ല. അതേപോലെ സച്ചിന്‍ ഫാക്ടര്‍ കൊണ്ടല്ല രാജസ്ഥാന്‍ കോണ്‍ഗ്രസ് നേടിയത്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ അധികാരം മാറുന്നത് രാജസ്ഥാനില്‍ പതിവാണ്. 2018ല്‍ പൈലറ്റാണ് ഫാക്ടറെങ്കില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടത് എങ്ങനെയെന്നും ചൗധരി ചോദിക്കുന്നു.

സീനിയറായാല്‍ വഴിമാറണോ?

സീനിയറായാല്‍ വഴിമാറണോ?

കോണ്‍ഗ്രസില്‍ സീനിയര്‍മാര്‍ ഭരിക്കുന്നുവെന്ന ജൂനിയേഴ്‌സ് വാദം തെറ്റാണ്. ഒരേ പ്രായത്തിലുള്ളവര്‍ മാത്രമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ആദ്യം അവര്‍ എനിക്ക് കാണിച്ച് തരട്ടെ. ഏത് രാഷ്ട്രീയ പാര്‍ട്ടിയും യുവാക്കളും മുതിര്‍ന്നവരും ചേരുന്നതാണ്. 60 വയസ് കഴിഞ്ഞ സീനിയറായാല്‍ നിങ്ങള്‍ എന്നെ പിടിച്ച് പാര്‍ട്ടിക്ക് പുറത്താക്കുമോ. ബിജെപിയില്‍ വാജ്‌പേയിയും അദ്വാനിയും ഉള്ളപ്പോള്‍ വളര്‍ത്തി കൊണ്ടുവന്നതാണ് നരേന്ദ്ര മോദിയെയും ഇപ്പോള്‍ കാണുന്ന നേതൃത്വത്തെയും. അത് മറക്കരുതെന്നും ചൗധരി പറഞ്ഞു.

രാഹുലിന് ഒരു വെല്ലുവിളിയുമില്ല

രാഹുലിന് ഒരു വെല്ലുവിളിയുമില്ല

സിന്ധ്യയെയും പൈലറ്റിനെയും രാഹുലിന് ഭീഷണിയായി ഉയര്‍ത്തുന്നവര്‍ തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ്. രാഹുലിന് ഇവര്‍ ഭീഷണിയായിരുന്നെങ്കില്‍ ഒരിക്കലും അവരെ അദ്ദേഹം പ്രോത്സാഹിപ്പിക്കുമായിരുന്നില്ല. സച്ചിന്‍ ഉപമുഖ്യമന്ത്രിയായിരുന്നു. സിന്ധ്യക്ക് ഒരുപാട് അധികാരങ്ങള്‍ മധ്യപ്രദേശിലുണ്ടായിരുന്നു. മുമ്പുള്ള സര്‍ക്കാരിലും ഇവര്‍ക്ക് പദവികള്‍ നല്‍കിയിരുന്നു. ഇവരാരും അദ്ദേഹത്തിന് ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് ചൗധരി പറഞ്ഞു. അതേസമയം യുവനേതാക്കള്‍ക്ക് കൃത്യമായുള്ള സന്ദേശമാണ് ചൗധരി ഇതിലൂടെ നല്‍കുന്നത്. സീനിയേഴ്‌സുമായി ഏറ്റുമുട്ടലിലായാല്‍ ഭാവി ഇല്ലാതാവുമെന്നാണ് അദ്ദേഹം നല്‍കുന്ന സൂചന.

രാഹുല്‍ തന്നെ വരണം

രാഹുല്‍ തന്നെ വരണം

കോണ്‍ഗ്രസില്‍ നേതൃത്വ പ്രതിസന്ധിയില്ല. ഗാന്ധി കുടുംബം തന്നെ അധ്യക്ഷ സ്ഥാനത്തെത്തണമെന്ന് പറയുന്നത് വ്യക്തിപ്രഭാവം കാരണമാണ്. ബാക്കിയുള്ള നേതാക്കള്‍ക്ക് അത്രത്തോളം മികവില്ല. പാര്‍ട്ടിയുമായി അത്രത്തോളം അടുത്താണ് രാഹുലിന്റെയും സോണിയയുടെയും പ്രവര്‍ത്തനം. മുമ്പ് നരസിംഹ റാവു, സീതാറാം കേസരി എന്നിവര്‍ പാര്‍ട്ടി അധ്യക്ഷന്‍മാരായിട്ടുണ്ട്. രാഹുല്‍ പാര്‍ട്ട് ടൈം രാഷ്ട്രീയക്കാരനാണെന്ന് മാധ്യമങ്ങള്‍ വെറുതെ വിശേഷിപ്പിക്കുകയാണ്. ഞങ്ങള്‍ അധികാരത്തില്‍ തിരിച്ചെത്തുന്ന ദിവസം രാഹുല്‍ ഗാന്ധിയെ മഹാനായ രാഷ്ട്രീയക്കാരനായി മാധ്യമങ്ങളും ജനങ്ങളും വാഴ്ത്തുമെന്നും ചൗധരി പറഞ്ഞു.

English summary
adhir ranjan chowdhury calls congress young leaders over ambitious
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X