പോലീസ് സ്‌റ്റേഷനകത്തെ എടിഎം കുത്തിത്തുറന്നു!
ദില്ലി: തീക്കട്ടയില്‍ ഉറുമ്പരിക്കുമോ, പോലീസ് സ്‌റ്റേഷനകത്തും മോഷണമോ എന്നൊക്കെ ചോദിക്കാന്‍ വരട്ടെ. ഉത്തരവാദിത്തപ്പെട്ട പോലീസുകാര്‍ ഉറങ്ങിയാല്‍ പോലീസ് സ്‌റ്റേഷനകത്തും മോഷണം നടക്കും എന്നത് തന്നെ കാര്യം. ദില്ലിയിലെ വസന്ത് നഗര്‍ പോലീസ് സ്‌റ്റേഷന്‍ കോമ്പൗണ്ടിലെ എ ടി എം മെഷീനാണ് കള്ളന്മാര്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഗാഢനിദ്രയിലായിരുന്ന സമയത്ത് കള്ളന്മാര്‍ സേ്റ്റഷന്‍ കോമ്പൗണ്ടിലെത്തുകയായിരുന്നു. രാവിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എ ടി എമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ പോയപ്പോഴാണ് സംഭവം അറിഞ്ഞത്. എ ടി എമ്മിലെ പണം പോരാഞ്ഞ്, ഇതേ കോമ്പൗണ്ടിലുള്ള ഒരു ചായക്കട കൂടി കുത്തിത്തുറന്ന് 5000 രൂപയും മോഷ്ടിച്ചാണ് കള്ളന്മാര്‍ സ്ഥലം വിട്ടത്.

തന്റെ പണപ്പെട്ടി കാണാനില്ല എന്ന് പറഞ്ഞ് ചായക്കട ഉടമ രംഗത്തെത്തിയതോടെയാണ് സംഗതി വഷളായത്. എ ടി എം മെഷീന്‍ തകര്‍ത്ത് കള്ളന്മാര്‍ പണവും കൊണ്ട് പോയി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കള്ളന്മാര്‍ എ ടി എം മെഷീന്‍ തകര്‍ത്തെങ്കിലും ക്യാഷ് ബോക്‌സ് വരെ എത്താന്‍ കഴിഞ്ഞില്ല എന്നാണ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗര്‍ പറയുന്നത്.
പോലീസ് സ്‌റ്റേഷന്‍ കോമ്പൗണ്ടിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. സംശയം തോന്നുന്നവരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. പോലീസുകാര്‍ക്കിടയില്‍ തന്നെയാണോ അട്ടിമറി നടന്നത് എന്നും പരിശോധിക്കുന്നുണ്ട്. വസന്ത് നഗര്‍ സ്‌റ്റേഷനിലെ രണ്ട് പോലീസുകാര്‍ നേരത്തെ ബലാത്സംഗക്കുറ്റത്തിന് അറസ്റ്റിലായിരുന്നു. കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം അന്വേഷിക്കുന്നതും ഇതേ സ്‌റ്റേഷനില്‍ തന്നെയാണ്.












Click it and Unblock the Notifications