ദില്ലി ചലോ മാര്‍ച്ച്: മൂന്നാം ദിനത്തിലും പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍
ദില്ലി: രാജ്യതലസ്ഥാനത്ത് മൂന്നാം ദിനവും പ്രതിഷേധം തുടര്‍ന്ന് കര്‍ഷകര്‍. പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെയുള്ള കര്‍ഷകരുടെ പ്രതിഷേധം ദില്ലിക്കുള്ളിലും ദില്ലി അതിര്‍ത്തിയിലും തുടരുകയാണ്. ദില്ലിയില്‍ നിന്നും ഹരിയാനയിലേക്കുള്ള അതിര്‍ത്തിയില്‍ പൊലീസും കര്‍ഷകരും തമ്മിലുള്ള സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്. പ്രതിഷേധത്തിന് മുന്നില്‍ ആദ്യം അയയാതിരുന്ന പൊലീസ് കര്‍ഷകരുടെ പ്രതിരോധത്തിന് മുന്നില്‍ പിടിച്ചു നില്ക്കാനാവാതെ പിന്നീട് നിലപാടില്‍ അയവ് വരുത്തിയിരുന്നു.
വടക്കൻ ദില്ലിയിലെ ബുറാഡിയിൽ സമരത്തിന് സ്ഥലം നൽകാമെന്നായിരുന്നു പൊലീസ് നിര്‍ദേശം. ഇത് അംഗീകരിച്ച് ഒരു വിഭാഗം കര്‍ഷകര്‍ ഇന്നലെ വൈകീട്ടോടെ ദില്ലിയിലേക്ക് പ്രവശിച്ചിരുന്നു. എന്നാല്‍ വലിയൊരു വിഭാഗം കര്‍ഷകര്‍ ഇപ്പോഴും ദില്ലി-ഹരിയാന അതിര്‍ത്തിയില്‍ തുടരുന്നുണ്ട്. ജന്തര്‍മന്ദിറിലോ, രാംലീലാ മൈതാനിയിലോ സമരത്തിന് സ്ഥലം നൽകണമെന്നാണ് അവരുടെ ആവശ്യം.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക പരിഷ്കരണ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ ദില്ലി ചലോ മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ചിന്റെ രണ്ടാം ദിനമായ ഇന്നലെ വലിയ സംഘര്‍ഷങ്ങള്‍ക്കായിരുന്നു വഴിവെച്ചത്. അതിര്‍ത്തിയായ സിംഗുവില്‍ എത്തിയ കര്‍ഷകര്‍ക്ക് നേരെ പലതവണ പൊലീസ് നടപടിയുണ്ടായി. അതേസമയം, സമരം അവസാനിപ്പിക്കണമെന്നും ഡിസംബര്‍ 3 ന് ചര്‍ച്ചയാകാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നിയമം പിന്‍വലിക്കാതെ ഇനി സമരം അവസാനിപ്പിക്കെല്ലെന്നാണ് കര്‍ഷകരുടെ നിലപാട്
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: ആലപ്പുഴ ജില്ലയിലെ എല്ലാ തോക്കുകളും സറണ്ടര്‍ ചെയ്യണമെന്ന് കളക്ടര്‍