ദില്ലി: കോണ്‍. എംഎല്‍എയുടെ വീട് ആക്രമിച്ചു
ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് എം എല്‍ എയുടെ വീടിന് നേരെ ആക്രമണം നടത്തിയതായി പരാതി. സുല്‍ത്താന്‍ പൂരില്‍ നിന്നുള്ള എം എല്‍ എ ജയ് കിഷന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ആം ആദ്മി പ്രവര്‍ത്തകരില്‍ നിന്നും തനിക്ക് ഭീഷണിയുള്ളതായി നേരത്തെ തന്നെ ജയ് കിഷന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് പിന്തുണയോടെ ദില്ലി ഭരിച്ചിരുന്ന ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ജനലോക്പാല്‍ ബില്‍ പാസാക്കാന്‍ കോണ്‍ഗ്രസും ബി ജെ പിയും സമ്മതിക്കുന്നില്ല എന്നാരോപിച്ചാണ് കെജ്രിവാള്‍ രാജിവെച്ചത്. എന്നാല്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരാണ് ജയ് കിഷന്റെ വീടിന് നേരെ ആക്രമണം നടത്തിയത് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

വടക്കു പടിഞ്ഞാറന്‍ ദില്ലിയിലെ സുല്‍ത്താന്‍ പൂരില്‍ നിന്നുള്ള എം എല്‍ എയാണ് 55 കാരനായ ജയ് കിഷന്‍. ഇത് മൂന്നാമത്തെ തവണയാണ് ഇയാള്‍ ദില്ലി നിയമസഭയിലെത്തുന്നത്. എട്ട് എം എല്‍ എമാരുള്ള കോണ്‍ഗ്രസ് ആപ്പ് സര്‍ക്കാരിനെ പുറത്തുനിന്നും പിന്തുണച്ചുവരികയായിരുന്നു. ഭരണകക്ഷിയായിരുന്ന ആം ആദ്മി പാര്‍ട്ടിക്ക് 28 എം എല്‍ എമാരാണ് ദില്ലിയിലുള്ളത്.
ജനലോക്പാല്‍ വിഷയത്തില്‍ കോണ്‍ഗ്രസിനോടും ബി ജെ പിയോടും തെറ്റി കെജ്രിവാള്‍ രാജിവെച്ചതോടെ വീണ്ടും ദില്ലിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണ്. രാജവെച്ച് ജനങ്ങളിലേക്ക് തിരിച്ചുപോകാനാണ് കെജ്രിവാളിന്റെ തീരുമാനം. 70 അംഗ നിയമസഭയില്‍ 32 അംഗങ്ങളുള്ള ബി ജെ പി സര്‍ക്കാരുണ്ടാക്കാന്‍ താല്‍പര്യമില്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications