75 കാരന്‍ ഡോ. ആര്‍കെ പച്ചൗരിക്കെതിരെ പീഡനക്കേസ്
ദില്ലി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയില് ഡോ. ആര്‍ കെ പച്ചൗരിക്കെതിരെ ദില്ലി പോലീസ് കേസെടുത്തു. എനര്‍ജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ജനറലാണ് 75 കാരനായ ഡോ. ആര്‍ കെ പച്ചൗരി. തന്നെ ബലമായി കെട്ടിപ്പിടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ തൊടുകയും ചെയ്തു എന്നാണ് സഹപ്രവര്‍ത്തക പരാതിയില്‍ പറയുന്നത്.
2007 ല്‍ സമാധാനത്തിനുള്ള നോബേല്‍ പ്രൈസ് ജേതാവാണ് രാജേന്ദ്ര കെ പച്ചൗരി എന്ന ഡോ. ആര്‍ കെ പച്ചൗരി. 75 കാരനായ ഇദ്ദേഹത്തിനെതിരെ 29 കാരിയായ സഹപ്രവര്‍ത്തക ലൈംഗിക ആരോപണവുമായി രംഗത്ത് വന്നത് ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്. തന്നെ കെട്ടിപ്പിടിക്കുകയും അനാവശ്യമായി തൊടുകയും ചെയ്യരുതെന്ന് പല തവണ പറഞ്ഞിട്ടും പച്ചൗരി കേട്ടില്ല എന്ന് പരാതിക്കാരി പറയുന്നു.

ഫോണില്‍ വിളിച്ച് ലൈംഗികച്ചുവയുള്ള സംഭാഷണം നടത്തിയതായും അശ്ലീല സന്ദേശങ്ങള്‍ അടങ്ങിയ ഇ മെയിലുകള്‍ അയച്ചതായും ഇവര്‍ പരാതിപ്പെടുന്നു. എനര്‍ജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റിനോട് ഫെബ്രുവരി 9 ന് ഇവര്‍ പച്ചൗരിയെക്കുറിച്ചുള്ള പരാതി അറിയിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല.
തുടര്‍ന്നാണ് ഫെബ്രുവരി 13 ന് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. ഫെബ്രുവരി 18 ന് പോലീസ് കേസെടുത്തു. പച്ചൗരിയെ തല്‍ക്കാലം അറസ്റ്റ് ചെയ്യേണ്ടതില്ല എന്ന് ദില്ലി കോടതി ഉത്തരവുണ്ട്. മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി കോടതിയില്‍ അപേക്ഷ നല്‍കാനും പച്ചൗരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications