ഒരു വയസുകാരിയെ കൊന്ന് കെട്ടിതൂക്കിയ ശേഷം അമ്മ ജീവനൊടുക്കി
ദില്ലി: ഭര്‍ത്താവും അമ്മായി അച്ഛനും വഴക്ക് പറഞ്ഞതിനെത്തുടര്‍ന്ന് 24 കാരി ഒരു വയസായ മകളെ ഷാളില്‍ കെട്ടിത്തൂക്കി കൊന്നശേഷം ആത്മഹത്യ ചെയ്തു. ദ്വാരക സെക്ടറിലാണ് സംഭവം നടക്കുന്നത്. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പമായിരുന്നു യുവതിയുടെ താമസം. രജനി എന്ന യുവതിയാണ് പിഞ്ച് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
യുവതിയുടെ ഭര്‍ത്താവ് റിങ്കുവിന് പുകയില കച്ചവടമാണ്. ഇയാളുടെ പിതാവ് സുരേഷ് അടുത്തുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. രജനിയോട് തന്റെ വീട്ടുകാരില്‍ നിന്നും രണ്ട് ലക്ഷം രൂപ വാങ്ങി നല്‍കണമെന്ന് ഭര്‍ത്താനും ഭര്‍തൃ പിതാവും ആവശ്യപ്പെട്ടിരുന്നത്രേ. ഇക്കാര്യം പറഞ്ഞ് രജനിയോട് ഇരുവരും വഴക്കിടുകയും ചെയ്തിരുന്നതായി യുവതിയുടെ ബന്ധുക്കള്‍ പറയുന്നു.

തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തത്. ദുപ്പട്ടയില്‍ ഒരു വയസായ മകളെ കെട്ടി തൂക്കിയ ശേഷം മറ്റൊരു ദുപ്പട്ടയില്‍ യുവതിയും തൂങ്ങി മരിയ്ക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യകുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. 2011ലാണ് യുവതി വിവാഹിതായായത്. ഏറെ ചികിത്സകള്‍ക്കൊടുവില്‍ കാത്തിരുന്നാണ് യുവതിയ്ക്ക് കഴിഞ്ഞ വര്‍ഷം പെണ്‍കുഞ്ഞ് പിറന്നത്. ഉത്തര്‍പ്രദേശ് സ്വദേശിയാണ് യുവതി.












Click it and Unblock the Notifications