നീറ്റ്, ജെഇഇ പരീക്ഷകള്‍ക്ക് മാറ്റമില്ല: 6 സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി
ദില്ലി: ഈ വര്‍ഷത്തെ നീറ്റ്, ജെഇഇ പ്രവേശ പരീക്ഷകളില്‍ മാറ്റമില്ല. പരീക്ഷകള്‍ നടത്താന്‍ കേന്ദ്രത്തിന് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവിനെതിരെ 6 സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ നല്കിയ പുനഃപരിശോധാന ഹാര്‍ജി സുപ്രീംകോടതി തള്ളി. പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവേശന പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ബി ആർ ഗവായി, കൃഷ്ണ മുറാരി എന്നിവരടങ്ങിയ ബെഞ്ചാണ് റിവ്യൂ ഹര്‍ജി പരിഗണിച്ചത്. പശ്ചിമ ബംഗാൾ (മൊളോയ് ഘട്ടക്), ഝാർഖണ്ഡ് (രാമേശ്വർ ഒറാവോൺ), രാജസ്ഥാൻ (രഘു ശർമ), ഛത്തീസ്ഗഢ് (അമർജീത് ഭഗത്), പഞ്ചാബ് (ബി എസ് സിദ്ധു), മഹാരാഷ്ട്ര (ഉദയ് രവീന്ദ്ര സാവന്ത്) എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാരായിരുന്നു ഹര്‍ജിക്കാര്‍. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയും ഹര്‍ജിയില്‍ പങ്കുചേര്‍ന്നിരുന്നു. നേരത്തെ ആഗസ്റ്റ് 17 ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കിയത്.
അതേസമയം, ജെഇഇ പരീക്ഷകള്‍ ഇന്ന് നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. മൂന്നിനാണ് പരീക്ഷ തുടങ്ങിയത്. ശനി, ഞായര്‍ ദിവസങ്ങളോടെ ജെഇഇ പരീക്ഷകള്‍ പൂര്‍ത്തിയാവും. നീറ്റ് സെപ്റ്റംബർ 13 ന് നടക്കും. ഇതോടൊപ്പം തന്നെ, നാലിലൊന്ന് വിദ്യാര്‍ത്ഥികള്‍ ആദ്യ മൂന്ന് ദിനങ്ങളില്‍ പരീക്ഷ എഴുതാന്‍ എത്തിയില്ലെന്ന റിപ്പോര്‍ട്ടും ഇന്ന് പുറത്തു വരുന്നു.