ജഡ്ജിയുടെ കാര്‍ മോഷ്ടിച്ചവരെ പിടികൂടി
ദില്ലി: റെഡ് ബീക്കണ്‍ അടക്കം ജഡ്ജിയുടെ കാര്‍ മോഷ്ടിച്ചുകൊണ്ടുപോയ വിരുതന്മാരെ പോലീസ് പിടികൂടി. എന്നാല്‍ തിരിച്ചുകിട്ടിയ കാറിന്റെ ഭാഗങ്ങള്‍ പലതും ഒറിജിനല്‍ അല്ല എന്നാരോപിച്ച് ജഡ്ജി കാര്‍ കാര്‍ ഏറ്റുവാങ്ങാന്‍ കൂട്ടാക്കിയില്ല. മോഷ്ടാക്കളെ ഇടിച്ച് പതം വരുത്തിയ ശേഷം പോലീസ് കാറിന്റെ ഒറിജിനല്‍ പാര്‍ട്‌സും അന്വേഷിച്ച് മീററ്റിലേക്ക് തിരിച്ചു.
കാറിന്റെ എഞ്ചിനും ടയറുകളുമാണ് മോഷ്ടാക്കള്‍ മറിച്ചുവിറ്റത്. ജഡ്ജിയുടെ കാര്‍ മാത്രമല്ല, ദില്ലിയില്‍ നിന്നുമാത്രമായി ആ ഒരു വര്‍ഷം തന്നെ ഇവര്‍ നൂറുകണക്കിന് കാറുകളാണ് മോഷ്ടിച്ചത്. ജഡ്ജിയുടെ കാര്‍ മോഷ്ടിച്ച സംഘത്തിന്റെ തലവനായ ഇസ്രാറിനെയാണ് പോലീസ് ആദ്യം പിടികൂടിയത്. തുടര്‍ന്ന് ഇയാളുടെ സഹായികളായ രഞ്ജിത്, റഹീസ് എന്നിവരും പിടിയിലായി.

മാരുതി കാറുകളാണ് സംഘം നോട്ടമിട്ട് മോഷ്ടിക്കാറുള്ളതെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു. മാരുതി എസ്റ്റീം, മാരുതി സെന്‍ എന്നിവയാണത്രെ ഇവരുടെ പ്രധാന ഇരകള്‍. ഈ വര്‍ഷം മാത്രം 180 കാറുകള്‍ ഇവര്‍ പലയിടത്തുനിന്നായി മോഷ്ടിച്ചുകടത്തിയിട്ടുണ്ട്. മോഷ്ടിച്ച കാറുകള്‍ വില്‍ക്കുന്ന സംഘത്തെക്കുറിച്ച് രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ ഓപ്പറേഷനിലാണ് സംഘം പിടിയിലായത്.
ഓരോ തവണയും പുതിയ സിം കാര്‍ഡുകളാണ് സംഘം ഓപ്പറേഷന്‍ സമയത്ത് ഉപയോഗിച്ചിരുന്നത് എന്ന് പോലീസ് അഡീഷണല്‍ സൂപ്രണ്ട് രവീന്ദ്ര യാദവ് പറഞ്ഞു. ഇസ്രാറിന്റെ സഹോദരന്‍ ഇസ്തിയാഖിനെയും പോലീസ് പിടികൂടിയിട്ടുണ്ട്. ചില്ലുകള്‍ തകര്‍ത്ത് അകത്തുകടന്ന് കള്ളത്താക്കോലിട്ടാണ് ഇവര്‍ വണ്ടികള്‍ മോഷ്ടിച്ചിരുന്നത്.












Click it and Unblock the Notifications