രണ്ട് മാസം പ്രായമുളള പെൺകുഞ്ഞിന്റെ മൃതശരീരം മൈക്രോവേവ് ഓവനില്‍, അമ്മയെ സംശയമെന്ന് പോലീസ്
ദില്ലി: നവജാത ശിശുവിന്റെ മൃതദേഹം മൈക്രോവേവ് ഓവനില്‍ കണ്ടെത്തി. സൗത്ത് ദില്ലിയിലെ ചിരാഗ് ദില്ലിയിലാണ് സംഭവം. രണ്ട് മാസം മാത്രം പ്രായമുളള പെണ്‍കുഞ്ഞിന്റെ ശരീരമാണ് മൈക്രോവേവ് ഓവനില്‍ നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
വൈകിട്ട് 3.15ഓട് കൂടിയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ വിവരം തങ്ങള്‍ക്ക് ലഭിച്ചത് എന്ന് സൗത്ത് ദില്ലി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ബെനിറ്റ മേരി ജെയ്കര്‍ വ്യക്തമാക്കി. സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷണത്തില്‍ പരിശോധിക്കുമെന്നും അവര്‍ അറിയിച്ചു. ഗുല്‍ഷന്‍ കൗഷിക്, ഡിംപിള്‍ കൗഷിക് എന്നിവരുടെ മകളാണ് കൊല്ലപ്പെട്ടത്. ഇരുവരേയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കുഞ്ഞിന്റെ കൊലപാതകം വിശദമായി തന്നെ പോലീസ് അന്വേഷിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി.

കുഞ്ഞിന്റെ കൊലപാതകത്തില്‍ അമ്മയായ ഡിംപിള്‍ കൗശികിന് മേലാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് സംശയമുളളത്. പെണ്‍കുഞ്ഞ് ജനിച്ചതില്‍ ഡിംപിള്‍ അസ്വസ്ഥയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും ലഭിച്ച വിവരമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അനന്യ എന്നാണ് കൊല്ലപ്പെട്ട കുഞ്ഞിന്റെ പേര്. ഈ വര്‍ഷം ജനുവരിയില്‍ ആണ് കുഞ്ഞ് ജനിച്ചത്. അപ്പോള്‍ മുതല്‍ ഡിംപിള്‍ കൗശിക് അസ്വസ്ഥയായിരുന്നു. പെണ്‍കുഞ്ഞ് പിറന്നതിന്റെ പേരില്‍ ഭര്‍ത്താവ് ഗുല്‍ഷനുമായി ഡിംപിള്‍ പലപ്പോഴും വഴക്കിട്ടിരുന്നുവെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഡിംപിള്‍-ഗുല്‍ഷന്‍ ദമ്പതികള്‍ക്ക് ഒരു മകന്‍ കൂടിയുണ്ട്.
അയല്‍വാസിയാണ് കുഞ്ഞിന്റെ മരണത്തെ കുറിച്ച് പോലീസിനെ അറിയിച്ചത്. സംഭവ ദിവസം ഡിംപിള്‍ കൗഷിക് വീട് അകത്ത് നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ട് അമ്മായിഅമ്മയാണ് അയല്‍ക്കാരെ വിളിച്ചത്. ആളുകള്‍ വീടിന്റെ ജനല്‍ ഗ്ലാസ് തകര്‍ത്ത് അകത്ത് കയറി. വീടിന് അകത്ത് ഡിംപിളിനേയും മകനേയും അബോധാവസ്ഥയില്‍ കണ്ടെത്തി. അതേസമയം അനന്യയെ അവിടെ കാണാനില്ലായിരുന്നു. മുത്തശ്ശിയും അയല്‍ക്കാരില്‍ ചിലരും വീട് മുഴുവന്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുഞ്ഞിനെ മൈക്രോവേവ് ഓവനില്‍ നിന്നും കണ്ടെത്തിയത്. വീടിന്റെ രണ്ടാമത്തെ നിലയിലെ മുറിയില്‍ ആയിരുന്നു മൈക്രോവേവ് ഓവന്‍. സംഭവം നടക്കുമ്പോള്‍ അച്ഛനായ ഗുല്‍ഷന്‍ കൗഷിക് വീട്ടിലുണ്ടായിരുന്നില്ല. വീടിന് സമീപത്തുളള സ്വന്തം കടയിലായിരുന്നു ഗുല്‍ഷന്‍ എന്ന് പോലീസ് പറയുന്നു.












Click it and Unblock the Notifications