പീഡനക്കേസിലെ പ്രതി ആത്മഹത്യ ചെയ്തു
ദില്ലി: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ യുവാവ് ആത്മഹത്യ ചെയ്തു. എന്‍ ജി ഒ പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ഖുര്‍ഷിദ് അന്‍വറാണ് മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടി മരിച്ചത്. അലഹബാദ് സ്വദേശിയും ജെ എന്‍ യുവിലെ പൂര്‍വ്വവിദ്യാര്‍ഥിയുമാണ് ഖുര്‍ഷിദ് അന്‍വര്‍. തെക്കന്‍ ദില്ലിയിലെ വസന്ത് കുഞ്ജില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്.
ദില്ലി കൂട്ടബലാത്സംഗക്കേസില്‍ മരിച്ച പെണ്‍കുട്ടിക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളില്‍ അന്‍വറിനൊപ്പം പ്രവര്‍ത്തിച്ച സ്ത്രീയാണ് പീഡിപ്പിക്കപ്പെട്ടതായി പരാതി നല്‍കിയത്. ഇന്ത്യ ഗേറ്റില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ സജീവ പങ്കാളിയിായിരുന്നു 24 കാരിയായ ഈ പെണ്‍കുട്ടി. ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സോഷ്യല്‍ ഡെമോക്രസി എന്ന എന്‍ ജി ഒയുടെ ഡയറക്ടര്‍ കൂടിയാണ് ഖുര്‍ഷിദ് അന്‍വര്‍.

ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ അധ്യാപികയാണ് അന്‍വറിന്റെ ഭാര്യ. ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്. എന്നാല്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന ക്വാര്‍ട്ടേഴഴ്‌സിലാണ് അന്‍വറിന്റെ ഭാര്യ താമസിക്കുന്നത്. വസന്ത് കുഞ്ജിലെ ഫഌറ്റില്‍ മൂന്നാമത്തെ നിലയിലാണ് അന്‍വര്‍ താമസിക്കുന്നത്. ബുധനാഴ്ച രാവിലെ 11 മണിയോടെ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് ചാടിയായിരുന്നു മരണം.
മൃതദേഹത്തില്‍ നിന്നോ ഇയാളുടെ വീട്ടില്‍ നിന്നോ ആത്മഹത്യാക്കുറിപ്പ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വസന്ത് കുഞ്ജ് പോലീസ് കേസെടുത്തു. പീഡനക്കേസില്‍ തനിക്കെതിരെ ആരോപണം ഉയര്‍ന്നതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തതാകാം എന്ന അനുമാനത്തിലാണ് പോലീസ്. ചൊവ്വാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനിലെത്തി അന്‍വറിനെതിരെ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു.












Click it and Unblock the Notifications