വാഹന പരിശോധനയ്ക്കിടെ ആളുമാറിയെന്ന്; പട്ടാമ്പിയിൽ 17കാരനെ പോലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി
പാലക്കാട്: പട്ടാമ്പിയിൽ 17 കാരനെ പോലീസ് മർദ്ദിച്ചതായി പരാതി. കാരക്കാട് സ്വദേശി താഹ മുഹമ്മദിനാണ് മർദ്ദനമേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനപരിശോധനയ്ക്കിടെ ആളുമാറി മർദ്ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. സംഭവത്തിൽ നാട്ടുകാർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. പട്ടാമ്പിയിൽ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ രണ്ട് യുവാക്കൾ ബൈക്കിൽ എത്തി. പോലീസ് കൈകാണിച്ചെങ്കിലും ബൈക്ക് നിർത്തിയില്ല. തുടർന്ന് പോലീസ് ഈ ബൈക്കിനെ പിന്തുടർന്നു. അൽപ ദൂരം കഴിഞ്ഞ് ബൈക്കിലുള്ളവർ പ്രദേശത്തെ ഒരു വീട്ടിൽ ബൈക്ക് വെയ്ക്കുകയും അവിടെ ഓടിപ്പോകുകയുമായിരുന്നു. ഈ സമയം വീട്ടുമുറ്റത്ത് താഹ നിൽക്കുകയായിരുന്നുവെന്നും ബൈക്ക് ഓടിച്ചത് താഹയാണെന്ന് പറഞ്ഞ് പോലീസ് മർദ്ദിക്കുകയായിരുന്നുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

താഹ പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്നും ബൈക്ക് ഓടിച്ചിട്ടില്ലെന്നുമാണ് വീട്ടുകാർ പറയുന്നത്. ആളുമാറിയാണ് കുട്ടിയെ മർദ്ദിച്ചതെന്നും വീട്ടുകാർ ആരോപിച്ചു. സ്ത്രീകളുടെ ബഹളം കേട്ടാണ് ഓടിവന്നതെന്നും ആ സമയം പോലീസ് കുട്ടിയുടെ കഴുത്ത് പിടിച്ചിട്ടാണ് ഉണ്ടായിരുന്നതെന്നും പ്രദേശവാസി ആരോപിച്ചു. അതേസമയം സംഭവത്തിൽ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയതായി കുടുംബം പറഞ്ഞു. കുട്ടി ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.












Click it and Unblock the Notifications