നിർഭയ കേന്ദ്രത്തിൽ നിന്നും ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പുറത്തുചാടി 19 പെണ്‍കുട്ടികള്‍; ഒടുവിൽ കണ്ടെത്തി
പാലക്കാട്: അധികൃതരുടെ കണ്ണുവെട്ടിച്ച് നിർഭയ കേന്ദ്രത്തിൽ നിന്നും പുറത്തുചാടിയ പെൺകുട്ടികളെ കണ്ടെത്തി. മരുതറോഡ് കൂട്ടുപാതയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് 19 പെണ്‍കുട്ടികളാണ് പുറത്തുകടന്നത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പോക്‌സോ കേസുകളിലെ അതിജീവിതകളമടക്കമാണ് ചാടിപ്പോയത്.
രാത്രി കുട്ടികളെ കാണാതായതോടെ നിർഭയ കേന്ദ്രത്തിലെ അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ കസബ പോലീസിന്റെ നേതൃത്വത്തില്‍ ദേശീയപാതയിലുള്‍പ്പെടെ തിരച്ചില്‍ നടത്തി. ഇതിനിടെ 14 പേരെ കൂട്ടുപാതയിൽ നിന്നും കണ്ടെത്തി. ബാക്കി 5 പേരെ രാത്രി ഒരുമണിയോടെ കല്ലേപ്പുള്ളിക്ക് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. പെൺകുട്ടികളെ വേഗത്തിൽ കണ്ടെത്താനായത് പോലീസിന് ആശ്വാസമായി.

കഴിഞ്ഞ കുറച്ച് നാളുകളായി വീട്ടിൽ പോകണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഉത്തരവ് പ്രകാരം നിർഭയ കേന്ദ്രത്തിൽ പാർപ്പിക്കേണ്ടതിനാൽ ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് അധികൃതർ കുട്ടികളെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ചാടിപ്പോകാൻ ഇവർ തീരുമാനിച്ചത്. ചാടിപ്പോയ കുട്ടികളെ താൽക്കാലിക കേന്ദ്രത്തിലേക്ക് മാറ്റി.
കളക്ടര്‍ എസ് ചിത്ര കസബ സ്റ്റേഷനിലെത്തി വിവരങ്ങള്‍ തേടിയിരുന്നു. കളക്ടർ കുട്ടികളോട് സംസാരിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും.












Click it and Unblock the Notifications