63 പവൻ സ്വർണം മോഷണം പോയിട്ടില്ല; ഒറ്റപ്പാലത്തെ കവർച്ചയിൽ ട്വിസ്റ്റ്
പാലക്കാട്: ഒറ്റപ്പാലത്ത് ത്രാങ്ങാലിയിലെ വീട്ടിൽ നിന്നും മോഷണം പോയെന്ന് കരുതിയ സ്വർണം വീട്ടിലെ അലമാരയ്ക്കുള്ളിൽ സുരക്ഷിതമായി കണ്ടെത്തി. 63 പവൻ സ്വർണാഭരണങ്ങളാണ് അലമാരക്കുള്ളിലെ ഇരുമ്പറയിൽ നിന്നും കണ്ടെടുത്തത്. എന്നാൽ വീട്ടിലുണ്ടായിരുന്ന ഒരു ലക്ഷം രൂപയും വിലപിടിപ്പുള്ള വാച്ചും മോഷണം പോയതായി സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസമാണ് മൂച്ചിക്കൽ ബാലകൃഷ്ണൻ എന്നയാളുടെ വീട്ടില് മോഷണം നടന്നത്. ബാലകൃഷ്ണൻ വ്യാഴാഴ്ച വൈകിട്ട് കൂനത്തറയിലെ മകളുടെ വീട്ടിലേക്ക് പോയപ്പോഴായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് വീട്ടിൽ കവർച്ച നടന്നുവെന്ന് മനസിലായത്. മുകൾ നിലയിലെ വാതിൽ കുത്തിതുറന്ന നിലയിലായിരുന്നു. ഉടൻ വീട്ടിലെ അലമാര പരിശോധിച്ചതോടെ സ്വർണം കണ്ടെത്താനായില്ല. മാത്രമല്ല ഒരു ലക്ഷം രൂപയും 35,000 രൂപയോളം വരുന്ന വാച്ചും നഷ്ടപ്പെട്ടതായും കണ്ടെത്തി. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു.

എന്നാൽ പിന്നീട് വീട്ടിൽ വിശദമായി പരിശോധന നടത്തിയപ്പോഴാണ് അലമാറയിലെ ഇരുമ്പറയ്ക്കുള്ളിൽ നിന്നും സ്വർണം സുരക്ഷിതമായി കണ്ടെത്തിയത്. ബാലകൃഷ്ണന്റെ ഭാര്യ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോളാണ് സ്വര്‍ണം ഭദ്രമായി തന്നെ ഉണ്ടെന്ന് കണ്ടെത്താനയത്..
അതേസമയം ബാലകൃഷ്ണന്റെ പരാതിയിൽ ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications