മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ 3 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 77 കാരൻ പിടിയിൽ
പാലക്കാട്: റോഡരികിൽ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ വില്ലൂന്നി സ്വദേശിയായ കന്തസ്വാമിയെ (77) കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച പുലർച്ചയാണ് സംഭവം. അതിഥി തൊഴിലാളിയുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
പാലക്കാട് നടുപ്പൂണിയിലാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങുകയായിരുന്നു കുട്ടി. കുഞ്ഞിനെ തട്ടിയെടുത്ത് 50 മീറ്റർ അകലേയ്ക്ക് കൊണ്ടുപോയാണ് ഇയാൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ 77കാരനെ തടഞ്ഞുവെച്ച് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

ഉടൻ തന്നെ കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.കുഞ്ഞിനെ വൈകാതെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതിക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.












Click it and Unblock the Notifications