300 കോഴികളെ കൊന്ന 'കൊലയാളി'യെ കണ്ട് ഉടമ ഞെട്ടി; ആദ്യത്തെ സംഭവം, ഒരു ലക്ഷത്തിന്റെ നഷ്ടം
പാലക്കാട്: അപ്പക്കാട് ഇടശേരിയില്‍ റെജി സ്‌കറിയ തന്റെ ഫാമില്‍ കഴിഞ്ഞ ദിവസം എത്തിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. തന്റെ ഫാമിലെ 300ഓളം കോഴികള്‍ ചത്തുകിടക്കുന്നു. വീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഫാമില്‍ 3000 കോഴികളെയാണ് റെജി വളര്‍ത്തുന്നത്. ഇതില്‍ 300 കോഴികളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.
രാവിലെ ഫാമിലെ ലൈറ്റും ഓഫ് ചെയ്ത് റജിയുടെ ഭാര്യ ഷൈല വീട്ടിലേക്ക് പോയതിന് ശേഷമാണ് ഈ സംഭവം. കുറച്ച് സമയം കഴിഞ്ഞ ഷൈല ഫാമിലേക്ക് എത്തിയപ്പോള്‍ ഫാമിന്റെ പുറത്ത് ഒരു കാട്ടുപൂച്ചയെ കണ്ടിരുന്നു. ഷൈലയെ കണ്ടതോടെ കാട്ടുപൂച്ച ഓടിമറഞ്ഞു. പിന്നാലെ ഫാമില്‍ എത്തി നോക്കിയപ്പോഴാണ് 300ഓളം കോഴികളെ ചത്ത നിലയില്‍ കണ്ടെത്തിയതെന്ന് ശൈല പറഞ്ഞു.

രണ്ടര കിലോ തൂക്കം എത്തിയ കോഴികളെയാണ് കാട്ടുപൂച്ച ആക്രമിച്ച് കൊലപ്പെടുത്തിയത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംഭവത്തിന് പിന്നാലെ വെറ്റിനറി, വനം അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പത്ത് വര്‍ഷത്തിലേറെയായി ഇവര്‍ ഇവിടെ ഫാം നടത്തി വരുന്നു. എന്നാൽ ഇങ്ങനെ ഒരു സംഭവം ആദ്യമായാണെന്ന് റെജി പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ വിവിധ ഫാമുകളില്‍ കാട്ടുപൂച്ച ഇത്തരത്തില്‍ കോഴികളെ കടിച്ചുകൊല്ലുന്നത് പതിവ് സംഭവമാണ്. പല സ്ഥലങ്ങളിലും നാട്ടുാകരുടെ നേതൃത്വത്തില്‍ കാട്ടുപൂച്ചയെ കെണിവച്ച് പിടക്കാറുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം മലയന്‍കീഴില്‍ കോഴികളെ കൊന്നൊടുക്കിയ കാട്ടുപൂച്ചയെ നാട്ടുകാര്‍ കെണിവച്ച് പിടിച്ചിരുന്നു.
രാത്രി കോഴിയെ പിടിച്ചുകൊണ്ടു പോകുന്ന ജീവി ഏതാണെന്ന് നാട്ടുകാര്‍ക്ക് വ്യക്തമായിരുന്നില്ല. ഒടുവില്‍ സി സി ടി വിയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ജീവി കാട്ടുപൂച്ചയാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇരുമ്പ് കെണി ഒരുക്കി പിടികൂടുകയായിരുന്നു. പിന്നാലം വനംവകുപ്പിന് കൈമാറുകയായിരുന്നു.












Click it and Unblock the Notifications