സപ്ലെെകോ പാഡി റിസീപ്റ്റ് ഷീറ്റ് ലഭ്യമായാൽ 15 ദിവസത്തിനകം തുക; കർഷകരോട് മന്ത്രി
പാലക്കാട്:നെല്ല് സംഭരിച്ച് കർഷകർക്ക് സപ്ലെെകോ പാഡി റിസീപ്റ്റ് ഷീറ്റ് (പി.ആർ.എസ്.) ലഭ്യമായാൽ 15 ദിവസത്തിനകം സംഭരണത്തുക നൽകാൻ നടപടിയെടുക്കുമെന്ന് ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്തി ജി.ആർ. അനിൽ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ കര്‍ഷക പ്രതിനിധികളുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കർഷകരുടെ എല്ലാ പ്രശ്നങ്ങൾക്കും ഘട്ടം ഘട്ടമായി പരിഹാരം കാണും. അടുത്ത വിള സീസണിൽ നെല്ല് സംഭരണം, തുക വിതരണം തുടങ്ങി എല്ലാ മേഖലയെയും ബന്ധിപ്പിച്ച് കുറ്റമറ്റ സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

കർഷകദുരിതം ഒഴിവാക്കുകയാണ് സർക്കാർ ലക്ഷ്യം. കൃഷിക്കാരെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുക. ഈ സീസണിൽ ഭൂമിയുടെയും തൂക്കത്തിന്റെയും പരിധിയില്ലാതെ നെല്ല് സംഭരണം ഉറപ്പാക്കും. നെല്ല് സംഭരണത്തിലെ കാലതാമസം ഒഴിവാക്കും. ഉഴവുകൂലി അടക്കമുള്ള ആനുകൂല്യങ്ങൾ മറ്റു വകുപ്പുകളുടെ പിന്തുണയോടെ കർഷകർക്ക് ലഭ്യമാക്കുന്നുണ്ട്.
പിആർഎസ് സംബന്ധിച്ച കാലതാമസം ഒഴിവാക്കാൻ ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയും കൃഷിഭവൻ, മില്ല്, ബാങ്ക് തുടങ്ങിയവയെ ബന്ധിപ്പിച്ചും സ്ഥായിയായ പരിഹാരത്തിന് ആലോചന നടക്കുന്നുണ്ട്. ബാങ്കുകളിൽ കയറിയിറങ്ങുന്ന അവസ്ഥ ഒഴിവാക്കാൻ സംവിധാനം ഒരുക്കും. സംഭരണം, ബാങ്കിംഗ് നടപടികൾ, തുക വിതരണം തുടങ്ങിയവയിൽ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടുന്നതിന് ബാങ്കുകളുടെ പ്രതിനിധിയും സപ്ലൈകോ പ്രതിനിധിയും ഉൾപ്പെടുത്തി മൂന്നംഗ സമിതി രൂപീകരിക്കും.
2022-23 വർഷത്തിൽ പല കാരണങ്ങളാൽ നെല്ലിന്റെ തുക കൈപ്പറ്റാത്ത കർഷകരുണ്ട്. മരണം, 18 വയസ് പൂർത്തിയാകാത്തവർ, എൻ.ആർ.ഐ തുടങ്ങിയ കാരണങ്ങളാൽ പി.ആർ.എസ് എടുക്കാൻ സാധിക്കാത്ത അവസ്ഥയുള്ളവർക്ക് സപ്ലൈക്കോ നേരിട്ട് തുക നൽകും. മറ്റുള്ളവർ പി.ആർ.എസ് എടുക്കാൻ തയ്യാറായാൽ ഉടൻ പണം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. പി.ആർ.എസ് എടുക്കില്ലെന്ന നിലപാട് മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ആളിയാർ വിഷയത്തിൽ കേരളത്തിന് അവകാശപ്പെട്ട ജലലഭ്യത ഉറപ്പാക്കുന്നതിന് തമിഴ്നാട് - കേരള ചീഫ് സെക്രട്ടറി തലത്തിൽ ചർച്ച നടന്നുകൊണ്ടിരിക്കുകയാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. മുഖാമുഖത്തിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നെല്ല് സംഭരണം, തുക ലഭിക്കുന്നതിനുള്ള കാലതാമസം, ജലലഭ്യത, ഇടനിലക്കാരുടെ ചൂഷണം, ബാങ്കിംഗ് ബുദ്ധിമുട്ടുകൾ, ഉൽപാദന ചെലവിന് അനുപാതികമായി സംഭരണ തുക വർദ്ധിപ്പിക്കൽ, കയറ്റുകൂലി തുടങ്ങിയ വിഷയങ്ങൾ കർഷക പ്രതിനിധികൾ ഉന്നയിച്ചു.
മുഖാമുഖത്തിൽ തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് അധ്യക്ഷനായി. വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി പങ്കെടുത്ത് സംസാരിച്ചു. എം.എൽ.എമാരായ എ. പ്രഭാകരൻ, കെ.ബാബു, കെ.ഡി.പ്രസേനൻ, പി. പി. സുമോദ്, ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര, സപ്ലൈകോ ജനറൽ മാനേജർ സൂരജ് ഷാജി, കൺസോർഷ്യം ബാങ്ക് പ്രതിനിധി നവീൻ, പാടശേഖര സമിതി ഭാരവാഹികൾ, കർഷക സംഘടനാ പ്രതിനിധികൾ, കർഷകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.












Click it and Unblock the Notifications