അട്ടപ്പാടി മധു വധക്കേസ്; ഇന്ന് വിസ്തരിച്ച 4 സാക്ഷികൾ കൂടി കൂറുമാറി
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഇന്ന് വിസ്തരിച്ച 4 സാക്ഷികൾ കൂടി കൂറുമാറി. മുക്കാലി സ്വദേശികളായ മനാഫ്, മണികണ്ഠൻ, രഞ്ജിത്ത്, അനൂപ് എന്നിവരാണ് കൂറുമാറിയത്. കേസിലെ 32 മുതൽ 35 വരെയുള്ള സാക്ഷികളാണ് ഇവർ. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം 20 ആയി. 25 പേരെയാണ് കേസിൽ ഇതുവരെ വിസ്തരിച്ചത്.

അതിനിടെ കൂറുമാറിയ 29ാം സാക്ഷി സുനിൽ കുമാറിനെ മണ്ണാർക്കാട് എസി എസ്ടി വിചാരണക്കോടതി ഇന്ന് വീണ്ടും വിസ്തരിച്ചു. ഇന്നലെ വിസ്തരിക്കവെയായിരുന്നു സുനിൽ കുമാർ കൂറുമാറിയത്. മധുവിനെ മർദ്ദിക്കുന്നത് കണ്ടിരുന്നുവെന്നതായിരുന്നു ഇയാളുടെ ആദ്യ മൊഴി. ഈ മൊഴിയാണ് ഇയാൾ തിരുത്തിയത്. എന്നാൽ മധുവിനെ മർദ്ദിക്കുന്നതിന് സമീപത്ത് ഇയാൾ നിൽക്കുന്ന വീഡിയോ കോടതിയിൽ പ്രദർശിപ്പിച്ചു. കോടതിയുടെ പ്രത്യേക അനുമതി തേടിയാണ് പ്രോസിക്യൂഷൻ വീഡിയോ കാണിച്ചത്. മധുവിനെ പ്രതികൾ പിടിച്ചു കൊണ്ടുവരുന്നതും മര്‍ദ്ദിക്കുന്നതുമാണ് വീഡിയോയിൽ ഉണ്ടായിരുന്നത്.
എന്നാൽ തനിക്ക് ഒന്നും കാണാൻ സാധിക്കില്ലെന്നും കണ്ണിന് പ്രശ്നമുണ്ടെന്നും ഇയാൾ പറഞ്ഞു. തുടർന്ന് ഇയാളുടെ കാഴ്ചശക്തി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെടുകായിരുന്നു. ഇതുപ്രകാരം പാലക്കാട് ആശുപത്രിയിൽ വെച്ച് നടത്തിയ പരിശോധനയിൽ കാഴ്ചയ്ക്ക് തകരാർ ഇല്ലെന്ന് കണ്ടെത്തി. ഈ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിച്ചിരുന്നു.
തുടർന്നാണ് ഇന്ന് സുനിൽ കുമാറിനെ വീണ്ടും ഇന്ന് വിസ്തരിച്ചത്. ഇന്നലെ കാണിച്ച അതേ ദൃശ്യങ്ങൾ വീണ്ടും പ്രദർശിപ്പിച്ചായിരുന്നു പുനർ വിസ്താരം. ദൃശ്യങ്ങൾ കാണിച്ചതോടെ തന്നെ പോലെയുള്ള ആളായിരിക്കാം വീഡിയോയിൽ എന്നായിരുന്നു സുനി തിരുത്തിയത്. അതേസമയം കോടതിയെ കബളിപ്പിച്ചതിന് സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന പ്രോസിക്യൂഷൻ ഹർജിയും നാളെ പരിഗണിക്കും.












Click it and Unblock the Notifications