അട്ടപ്പാടി മധു കേസ്;സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവെച്ചു
പാലക്കാട്; അട്ടപ്പാടി മധു വധക്കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി രാജേന്ദ്രൻ രാജിവച്ചു.വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി.സി രാജേന്ദ്രനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം കോടതിയെ സമീപിച്ചിരുന്നു.
കേസിന്റെ വിചാരണ നേരത്തേ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ മാറ്റുന്നതിൽ നടപടി ഉണ്ടാകുന്നത് വരെ വിചാരണ നടപടി നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി നടപടി. കേസിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണവും തേടിയിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോൾ രാജേന്ദ്രന്റെ രാജി.

വിചാരണത്തിടെ കേസിലെ സുപ്രധാന സാക്ഷികൾ കൂറുമാറിയിരുന്നു. മധുവിനെ മർദ്ദിക്കുന്നത് കണ്ടുവെന്ന് മജിസ്ട്രേറ്റിന് മുൻപിൽ മൊഴി നൽകിയ സാക്ഷിയയ ഉണ്ണികൃഷ്ണൻ, ചന്ദ്രൻ എന്നിവരായിരുന്നു മൊഴിമാറ്റിയത്.ഇത് പ്രോസിക്യൂഷന്റെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി മധുവിന്റെ സഹോദരി വിചാരണ കോടതിയെ സമീപിച്ചിരുന്നു. പ്രോസിക്യൂട്ടറെ മാറ്റിയില്ലേങ്കിൽ കേസിൽ പരാജയപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയിൽ ഹർജി നൽകിയത്.
എന്നാൽ ഇക്കാര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. പ്രോസിക്യൂട്ടറെ മാറ്റുന്നതുവരെ വിചാരണ നിർത്തിവയ്ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതിയെ സമീപിക്കാനും കോടതി നിർദ്ദേശിച്ചു. തുടര്‌ന്നാണ് ഹൈക്കോടതി ഇടപെട്ട് വിചാരണ നിർത്തിവെച്ചത്.സ്പെഷൽ പ്രോസിക്യൂട്ടർ സി രാജേന്ദ്രനെ ഒഴിവാക്കി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോനു ചുമതല നൽകണമെന്നതാണ് മധുവിന്റെ കുടുംബത്തിന്റെ ആവശ്യം.












Click it and Unblock the Notifications