പാലക്കാട് നാല് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; കാർ തിരിച്ചറിഞ്ഞു
പാലക്കാട്: സ്കൂളിൽ നിന്നും മടങ്ങി വരികയായിരുന്ന വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ വഴിത്തിരിവ്. അജ്ഞാതർ സഞ്ചരിച്ച കാർ പോലീസ് തിരിച്ചറിഞ്ഞു. സി സി ടി വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്താനായത്. എന്നാൽ കാറിന്റെ നമ്പർ പ്ലേറ്റ് വ്യക്തമല്ല.
സിസിടിവിൽ നിന്നും കാർ കോയമ്പത്തൂർ ഭാഗത്തേക്ക് പോയതായാണ് കണ്ടെത്തിയിട്ടുള്ളത്. ആദ്യം വാഹനം വന്നതും കോയമ്പത്തൂർ ഭാഗത്ത് നിന്ന് തന്നെയായിരുന്നു. തൃശൂർ ഭാഗത്തേക്ക് പോയ കാർ പിന്നീട് കാഴ്ചപ്പറമ്പ് ജംക്‌ഷൻ പിന്നിട്ട ശേഷമാണ് കോയമ്പത്തൂരേക്ക് തന്നെ തിരിച്ചുപോയത്.ഈ സാഹചര്യത്തിൽ വാളയാർ-കോയമ്പത്തൂർ ദേശീയപാതയിലെയും ടോൾ പ്ലാസയിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.

കുട്ടികളിൽ നിന്നും പോലീസ് വിവരം തേടിയിട്ടുണ്ട്. കാറിലുണ്ടായിരുന്നവർ തമിഴിലാണ് സംസാരിച്ചതെന്നാണ് കുട്ടികൾ പറയുന്നത്. ഈ ദിശയിലും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സൗത്ത് പൊലീസ് ഇൻസ്പെക്ടർ കെ എസ് സന്ദീപ്, എസ് ഐ സി എസ് സൂരജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഈ മാസം 13 നായിരുന്നു കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്.
വൈകിട്ട് നാലരയോടെ കണ്ണാടി കാഴ്ചപ്പറമ്പ് ജംക്‌ഷനു സമീപത്ത് വച്ചായിരുന്നു സംഭവം. സ്കൂൾ വിട്ടു മടങ്ങിയ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. നടന്നുപോയിരുന്ന 4 കുട്ടികളെ അജ്ഞാത സംഘം വാഹനത്തിലേക്ക് വിളിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കുട്ടികൾ കുതറിമാറി രക്ഷപ്പെട്ടു.
അതേസമയം ഇതേ വാഹനം തന്നെ ദേശീയ പാതയോരത്ത് രക്ഷിതാവിനെ കാത്ത് നിന്ന കുട്ടിയേയും വലിച്ച് കയറ്റാൻ ശ്രമിച്ചു. സ്കൂൾ അധികൃതരാണ് സംഭവത്തിൽ പരാതി നൽകിയത്.












Click it and Unblock the Notifications