പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക പ്രവര്‍ത്തന സ്വയംഭരണം നല്‍കാന്‍ ശ്രമം: മന്ത്രി പി. രാജീവ്
പാലക്കാട്: പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പരമാവധി സാമ്പത്തിക സ്വയംഭരണം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി. രാജീവ്. ഗുണമേന്മയേറിയ കാര്‍ഷികോപകരണങ്ങള്‍ നിര്‍മ്മിക്കുന്ന മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സര്‍ക്കാര്‍ ധനസഹായത്തോടെ പുതുതായി പണിത വില്‍പന കേന്ദ്രത്തിന്റെ ഉദ്ഘാടനവും സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്‌സ് ലിമിറ്റഡ് ഷൊര്‍ണൂര്‍ മെഷീനിങ് യൂണിറ്റില്‍ ആധുനികവത്ക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഹൈടെക് മെഷീനറികളുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാരിന്റെ പ്രധാനപ്പെട്ട നിലപാടുകളില്‍ ഒന്നാണ് പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നത്. പൊതുമേഖല സ്ഥാപനങ്ങള്‍ ഓരോന്നും എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നതിനെ സംബന്ധിച്ചുള്ള മാസ്റ്റര്‍ പ്ലാനിന് ആ സ്ഥാപനത്തിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രൊഫഷണലായിട്ടുള്ള വ്യക്തിത്വങ്ങളെ സ്വതന്ത്ര ഡയറക്ടര്‍മാര്‍ എന്ന നിലയില്‍ പൊതുമേഖല സ്ഥാപനങ്ങളിലെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളാക്കിയിട്ടുണ്ട്. സ്ഥാപനത്തിന് വേതനം കൊടുക്കാനുള്ള കരുത്തുണ്ടാവുകയും തൊഴിലാളികളുടെ ജീവിതനിലവാരം പരിഗണിക്കുകയും വേണം. ഈ രണ്ടു ഭാഗവും സന്തുലനമായി പരിശോധിച്ച് വേണം സേവന-വേതന കരാറുകളിലേക്ക് പോകാനെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ എസ്.ഐ.എഫ്.എല്‍ (സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ് ലിമിറ്റഡ്) വളരെ അഭിമാനകരമായ ഒരു സ്ഥിതിയിലേക്ക് വന്നിരിക്കുകയാണ്. മെറ്റല്‍ ഇന്‍ഡസ്ട്രീസ് ഒരു പുതിയ കാഴ്ചപ്പാടിന്റെ പ്രയോഗമാണ് നടപ്പാക്കിയതെന്നും പൊതുവിപണന കേന്ദ്രം എന്ന നിലയില്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളെല്ലാം ലഭ്യമാക്കുന്ന തരത്തിലുള്ള ആസൂത്രണത്തോടുകൂടിയാണ് നേതൃത്വം നല്‍കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. അതിന് നേതൃത്വം നല്‍കിയ എം.പി ഉള്‍പ്പെടെയുള്ളവരെ മന്ത്രി അഭിനന്ദിച്ചു.
പി. മമ്മിക്കുട്ടി എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ എസ്.ഐ.എഫ്.എല്‍ ചെയര്‍മാന്‍ അഡ്വ. ഷെറീഫ് മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍മാന്‍ എം.കെ ജയപ്രകാശ്, വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗംഗാധരന്‍, വാര്‍ഡ് അംഗം കെ. പ്രസാദ്, മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എം.ആര്‍ മുരളി, എസ്.ഐ.എഫ്.എല്‍ എം.ഡി റിട്ട. കമാന്‍ഡര്‍ പി. സുരേഷ്, എം.ഐ.എല്‍ എം.ഡി കെ. ലക്ഷ്മീ നാരായണന്‍, എസ്.ഐ.എഫ്.എല്‍ ഡയറക്ടര്‍ മേരി തോമസ്, മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ അഡ്വ. ഫ്രാന്‍സിസ് തോമസ്, എം.എസ്.ഐ.എഫ്.എല്‍ ഡി.ജി.എം. പി.കെ. മണ്‍സൂര്‍, വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications