ബിജെപിയുടെ പ്രമീള ശശിധരൻ പാലക്കാട് നഗരസഭ ചെയർപേഴ്സണ്‍
പാലക്കാട്: പാലക്കാട് നഗരസഭ അധ്യക്ഷയായി ബി ജെ പിയുടെ പ്രമീള ശശിധരൻ തെരഞ്ഞെടുക്കപ്പെട്ടു. 52 അംഗ ഭരണ സമിതിയിൽ 28 വോട്ടുകളാണ് പ്രമീളയ്ക്ക് ലഭിച്ചത്. യു ഡി എഫ് സ്ഥാനാർഥി മിനി ബാബുവിന് 17 വോട്ടും സി പി എം സ്ഥാനാർഥി ഉഷാ രാമചന്ദ്രന് 7 വോട്ടും ലഭിച്ചു.
2015 മുതൽ 2020 വരെ ബി ജെ പി ഭരണസമിതിയിൽ ചെയർപേഴ്സണായിരുന്നു പ്രമീള ശശിധരൻ. ഏറെ വൈകിയായിരുന്നു ബി ജെ പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതോടെ ബി ജെ പി പുതുമുഖത്തെ ഇറക്കിയേക്കുമെന്നായിരുന്നു ആദ്യം വിലയിരുത്തപ്പെട്ടത്. എന്നാൽ പ്രമീളയെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. പരിചയ സമ്പന്നയായ നേതാവിലൂടെ പാർട്ടിയിലെ ഇപ്പോഴത്തെ ഭിന്നതകൾ ഒരു പരിധി വരെ പരിഹരിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി പ്രമീളയെ അവതരിപ്പിച്ചത്.

ബിജെപി തുടര്‍ച്ചയായി ഭരിക്കുന്ന കേരളത്തിലെ ഏക നഗരസഭയാണ് പാലക്കാട്. 52 -ാം ഭരണസമിതിയില്‍ ബിജെപി 28, യുഡിഎഫ് 16, സിപിഎം ഏഴ്, വെല്‍ഫെയര്‍ പാര്‍ട്ടി ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. അധ്യക്ഷ പ്രിയ അജയന്‍ രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു നഗരസഭയിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു അവർ വ്യക്തമാക്കിയത്. എന്നാൽ പാർട്ടിയിലെ ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് അഭ്യൂഹങ്ങൾ.












Click it and Unblock the Notifications