കൈവശ സർട്ടിഫിക്കറ്റ് നൽകാൻ ആവശ്യപ്പെട്ടത് അരലക്ഷം കൈക്കൂലി; തഹസിൽദാറെ പൂട്ടി വിജിലൻസ്
പാലക്കാട്: ഷോപ്പിങ് മാളിന് കൈവശ സർട്ടിഫിക്കറ്റ് അനുവദിക്കാൻ കൈക്കൂലി വാങ്ങിയ ഭൂരേഖ തഹസിൽദാർ അറസ്റ്റിൽ. വി സുധാകരനാണ് അറസ്റ്റിലായത്. താലൂക്ക് ഓഫിസിൽ വച്ച് അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഞ്ചിക്കോട് ഷോപ്പിങ് മാളിന്റെ പാട്ടക്കരാർ ഉടമയായ ഐസക് വർഗീസാണ് സുധാകരനെതിരെ വിജിലൻസിനെ സമീപിച്ചത്. കൈവശ സർട്ടിഫിക്കറ്റിനായി പല തവണ സമീപിച്ചെങ്കിലും നൽകിയില്ല. തുടർന്ന് കോടതിയെ സമീപിച്ചെങ്കിലും തടസവാദങ്ങൾ ഉയർത്തി. ഇതിന് പിന്നാലെയാണ് പണം ആവശ്യപ്പെട്ടതെന്ന് ഐസക് വർഗീസ് പരാതിയിൽ പറഞ്ഞു.

അതേസമയം പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് രേഖപ്പെടുത്തിയ നോട്ടുകളുമായി ഐസകിനോട് സുധാകരനെ സമീപിക്കാൻ വിജിലൻസ് ആവശ്യപ്പെട്ടു. വൈകീട്ട് അഞ്ച് മണിക്ക് ശേഷമായിരുന്നു ഇത്. പണം ഐസക് വർഗീസ് ഓഫിസിൽ വച്ചു കൈമാറുന്നതിനിടയിലാണ് വിജിലൻസ് സുധാകരനെ അറസ്റ്റ് ചെയ്തത്.
വിജിലൻസ് ഡി വൈ എസ് പി സി എം ദേവദാസൻ, ഇൻസ്പെക്ടർമാരായ ജയേഷ് ബാലൻ, അരുൺ പ്രസാദ് സിജു കെ എൽ നായർ, എസ്ഐമാരായ ബി സുരേന്ദ്രൻ തുടങ്ങിയവരാണ് വിജിലൻസ് സംഘത്തിലുണ്ടായിരുന്നത്.












Click it and Unblock the Notifications