'സുരേഷ് ഗോപി പറയുന്നതിനൊന്നും മറുപടി പറയാന്‍ പറ്റില്ല, അത്രയും മോശം പദപ്രയോഗം'; എംവി ഗോവിന്ദൻ
മുനമ്പം വിഷയത്തിൽ ബി ജെ പി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വഖഫ് ബോർഡ് കിരാതമാണെന്ന പറഞ്ഞ സുരേഷ് ഗോപിക്കൊന്നും മറുപടി കൊടുക്കാൻ സാധിക്കില്ലെന്നും അത്തരത്തിൽ മോശമായ പദപ്രയോഗമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
'സുരേഷ് ഗോപിക്ക് മറുപടി പറയാൻ പറ്റില്ല. അതുപോലുള്ള പദപ്രയോഗമാണ് നടത്തുന്നത്. വർഗീയ ധ്രുവീകരണമാണ് ബി ജെ പിയുടെ ലക്ഷ്യം. ഞങ്ങൾ ഉള്ളിടത്തോളം കാലം ന്യൂനപക്ഷങ്ങൾക്ക് മതാടിസ്ഥാനത്തിൽ സംവരണം നൽകില്ലെന്ന് പരസ്യമായി അമിത് ഷാ പറഞ്ഞില്ലേ. ഇതെല്ലാം ധ്രുവീകരണത്തിന് വേണ്ടിയാണ്. അല്ലാതെ ഹിന്ദുക്കളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല. അതിനെ ഫലപ്രദമായി നേരിട്ടാലേ മുന്നോട്ട് പോകാനാകൂ', എംവി ഗോവിന്ദൻ പറഞ്ഞു.

കഴിഞ്ഞ ദിവസം വയനാട് വെച്ചായിരുന്നു മുനമ്പം വിഷയത്തിൽ വഖഫ് ബോർഡിനെതിരെ സുരേഷ് ഗോപി വിവാദ പ്രതികരണം നടത്തിയത്. 'ആ ബോർഡിന്റെ പേര് പറയാൻ ഉദ്ദേശിക്കുന്നില്ല. നാല് ആംഗലേയ അക്ഷരങ്ങളിൽ ഒതുങ്ങുന്ന ഒരു കിരാതമാണത് എന്നായിരുന്നു വഖഫ് ബോർഡിനെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്. ഒരു ബോർഡും ഇവിടെ തണ്ടെല്ലോട് കൂടി നിൽക്കില്ല. ആ തണ്ടല്ല് ഞങ്ങൾ ഊരിയിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാലക്കാട് തിരഞ്ഞടുപ്പിൽ മുനമ്പം വിഷയം ആയുധമാക്കുകയാണ് ബിജെപി. നീതി നിഷേധിക്കപ്പെട്ടവൻ്റെ അവകാശ സമരമാണ് മുനമ്പത്ത് നടക്കുന്നത്. കേവലം മുനമ്പത്തെ മാത്രം പ്രശ്നമായി വഖഫ് അധിനിവേശത്തെ കാണാൻ കഴിയില്ലെന്നും എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പറഞ്ഞു.
'വഖഫ് അധിനിവേശം നടത്തിയ 28 സ്ഥലങ്ങളുടെ പട്ടിക പുറത്ത് വരുമ്പോൾ കൂടുതൽ ജനങ്ങൾക്ക് ആശങ്ക ഉയരുന്നുണ്ട്. വഖഫ് നിയമം സംബന്ധിച്ച് ജനങ്ങളെ ജാഗരൂഗരാക്കാനും ബോധവത്കരിക്കാനും മുനമ്പം സമരം വഴിയൊരുക്കി. ഒരു വിഭാഗത്തിനെതിരായ നിയമ ഭേദഗതിയായി ചിത്രീകരിക്കപ്പെട്ട വഖഫ് നിയമ ഭേദഗതി രാജ്യം മുഴുവൻ ചർച്ച ചെയ്യാനും അതിൻ്റെ യാഥാർത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശാനും സമരം കൊണ്ട് കഴിഞ്ഞു.സമരത്തിന് വർഗ്ഗീയ നിറം ചാർത്താനുള്ള മന്ത്രി അടക്കമുള്ളവരുടെ നീക്കം അത്ഭുതപ്പെടുത്തുന്നതാണ്. സമരത്തിൽ ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും നോക്കേണ്ടതില്ല, പാവപ്പെട്ടവൻ്റെ പ്രശ്നമായി ഇത് കാണണം ', കൃഷ്ണകുമാർ പറഞ്ഞു.












Click it and Unblock the Notifications