കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പട്ടാമ്പി കോളേജിൽ ഡിജെ പാർട്ടി; പങ്കെടുത്തത് 500 പേർ..കേസെടുത്ത് പോലീസ്
പാലക്കാട്; കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഡിജെ പാർട്ടി നടത്തിയ സംഭവത്തിൽ പട്ടാമ്പി കോളേജിനെതിരെ കേസെടുത്ത് പോലീസ്. പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളേജിലാണ് പരിപാടി നടന്നത്. അഞ്ഞൂറിലേറെ പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായരുന്നു പാർട്ടി. കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. യാതൊരു കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു പരിപാടി നടത്തിയത്. 100 ൽ താഴെ പേർ മാത്രം പങ്കെടുക്കുന്ന പാർട്ടിയാണെന്നായിരുന്നു പ്രിൻസിപ്പലിന്റെ വിശദീകരണം. എന്നാൽ അഞ്ഞൂറിലേറെപ്പേരാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

കൊവിഡ് സാഹചര്യത്തിൽ പരിപാടി മാറ്റിവെയ്ക്കണമെന്ന് ഒരു വിഭാഗം അധ്യാപകർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരിപാടി മാറ്റാൻ വിദ്യാർത്ഥികൾ തയ്യാറായില്ല. ഇതിന് പ്രിൻസിപ്പലിന്റെ മൗനാനുവാദവും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. സംഭവം മാധ്യമങ്ങളിൽ ഉൾപ്പെടെ വന്നതോടെ പിന്നീട് അധ്യാപകർ ഇടപെട്ട് പരിപാടി നിർത്തിവെയ്ക്കുകയായിരുന്നു.
അതേസമയം ജില്ലയിൽ ഇന്ന് 1546 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1486 പേർ,ഉറവിടം അറിയാതെ രോഗം ബാധിച്ച 43 പേർ, ആരോഗ്യ പ്രവർത്തകരായ 17 പേർ എന്നിവർ ഉൾപ്പെടും. 222 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 4666 പരിശോധന നടത്തിയതിലാണ് 1546 പേർക്ക് രോഗം സ്ഥിരീകരിച്ചത്.33.13 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 6515 ആയി.












Click it and Unblock the Notifications