രാത്രിയില്‍ കുട്ടികള്‍ ഉറക്കെ കരയുന്നത് ശല്യമാകുന്നു; ശിശുപരിചരണ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് മര്‍ദ്ദനം
പാലക്കാട്: പാലക്കാട് ജില്ലയിലെ അയ്യപുരം ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് മര്‍ദനമേറ്റതായി പരാതി. കുട്ടികള്‍ അനുസരണക്കേട് കാണിക്കുന്നു എന്ന് പറഞ്ഞ് ശിശു സംരക്ഷണ സമിതി സെക്രട്ടറിയാണ് മര്‍ദിച്ചത് എന്നാണ് ആരോപണം. സ്‌കെയില്‍ ഉപയോഗിച്ച് സെക്രട്ടറി മര്‍ദിച്ചു എന്നാണ് കുട്ടികള്‍ പറയുന്നത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ശിശു ക്ഷേമ സമിതി ജില്ലാ സെക്രട്ടറി വിജയ കുമാറിനെതിരെയാണ് ആരോപണം. സംഭവത്തില്‍ ജില്ല കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ സെക്രട്ടറി സ്ഥാനം വിജയ കുമാര്‍ രാജി വെച്ചു. അതേസമയം ജീവനക്കാര്‍ തമ്മിലുള്ള ശീത സമരത്തിന്റെ പേരിലാണ് വീഡിയോ പ്രചരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്.

രാത്രിയില്‍ ഫോണ്‍ ചെയ്യുമ്പോള്‍ കുട്ടികള്‍ ഉറക്കെ കരയുന്നത് ശല്യമാകുന്നു, കുട്ടികള്‍ അനുസരണക്കേട് കാട്ടി എന്നീ കാരണങ്ങള്‍ പറഞ്ഞായിരുന്നു വിജയ കുമാര്‍ കുട്ടികളെ മര്‍ദ്ദിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം കുട്ടികളെ കൊണ്ട് മറ്റ് ജീവനക്കാര്‍ തനിക്കെതിരെ പറയിപ്പിക്കുകയായിരുന്നു എന്നാണ് രാജി വെച്ച സെക്രട്ടറി വിജയ കുമാര്‍ പറയുന്നത്.
ശിശുക്ഷേമ സമിതിക്ക് കീഴിലാണ് പാലക്കാട്ടെ അയ്യപുരം തണല്‍ ശിശു പരിചരണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വിജയകുമാര്‍ മര്‍ദിച്ചുവെന്ന് കാട്ടി മുന്‍ ജീവനക്കാരിയാണ് പരാതി നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അടുത്ത ദിവസം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സി പി ഐ എം നോമിനി ആയാണ് വിജയ കുമാര്‍ ശിശു ക്ഷേമ സമിതി സെക്രട്ടറി പദവിയിലെത്തിയിലേക്ക് എത്തിയത്. മര്‍ദനവുമായി ബന്ധപ്പെട്ട പരാതി ശിശു ക്ഷേമ സമിതി സംസ്ഥാന സെക്രട്ടറിക്കും സി പി ഐ എം ജില്ലാ നേതൃത്വത്തിനും നല്‍കിയെങ്കിലും നടപടിയെടുത്തില്ല എന്നാണ് പരാതിക്കാരിയുടെ ആരോപണം.
Recommended Video

ഇതേ തുടര്‍ന്നാണ് പരാതിയുമായി കളക്ടറെ സമീപിച്ചത്. വിവാദങ്ങളെ തുടര്‍ന്ന് സി പി ഐ എം തെക്കേ തറ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വിജയ കുമാറിനെ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ് എന്ന് 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ പരാതിയില്‍ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications