• search
  • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

'വി ഷാൽ ഓവർ കം... നവകേരള നിര്‍മാണത്തിന് പാലക്കാട് രാപ്പാടി പാട്ടും പാടി സമാഹരിച്ച 67.92 ലക്ഷം രൂപ!

  • By desk

പാലക്കാട്: അവിസ്മരണീയമായിരുന്നു ഇന്നലെ രാപ്പാടിയിലെ സായാഹ്നം. ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്തൊരു അനുഭവം. ഒരു തുണ്ടു നോട്ടീസോ ക്ഷണക്കത്തോ ബോർഡോ പോസ്റ്ററോ ഇതുവരെ നാം കണ്ടു ശീലിച്ച പ്രചരണ കോലാഹലങ്ങളോ ഇല്ലാതെ പാലക്കാട്ടെ ആബാലവൃദ്ധം രാപ്പാടിയിലേക്കൊഴുകിയെത്തി. രാപ്പാടി ഇതുവരെ ദർശിച്ച ഏറ്റവും വലിയ സദസ്സായി അത് മാറി. ഇന്ത്യയിലെ തന്നെ പ്രഗത്ഭ കലാ പ്രവർത്തകരും വേദിയിൽ അണിനിരന്നു.

ലക്ഷക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്ന അവർ ഒരൊറ്റ ഫോൺ കോളിലാണ് ഇവിടെയെത്തി ചില്ലിക്കാശുപോലും വാങ്ങാതെ പരിപാടി അവതരിപ്പിച്ചത്. യാത്രാച്ചെലവ് പോലും അവർ സ്വയം വഹിച്ചു. ലൈറ്റ് & സൗണ്ട്, സ്റ്റേജ്, പന്തൽ, കസേരകൾ, എൽ.ഇ.ഡി.വാൾ, ജനറേറ്റർ, ഡീസൽ, ഭക്ഷണം, താമസം, എല്ലാം സൗജന്യം.ഒരു പൈസ മുടക്കാതെ അത്യുജ്ജ്വലമായ ഒരു സംഗീത വിരുന്ന്. ദുരന്തത്തിൽ നിന്നുള്ള അതിജീവനത്തിന് ആത്മവിശ്വാസവും നവ കേരള നിർമ്മിതിയെന്ന മുഖ്യമന്ത്രിയുടെ ആശയത്തിന് പിൻബലവും പകരാനുള്ള പരിശ്രമം.

തുടക്കം പെരിങ്ങോട് സ്ക്കൂളിലെ കുട്ടികളുടെ പഞ്ചവാദ്യത്തിലും ഒടുക്കം പാലക്കാട്ടെ വിവിധസ്കൂളുകളിലെ കുട്ടികളണിനിരന്ന് "വി ഷാൽ ഓവർ കം" എന്ന പ്രസിദ്ധമായ ഗാനം ഒന്നിച്ചാലപിച്ചും. നവകേരളത്തിന്റെ നേരവകാശികൾ കുട്ടികളാണല്ലോ. പരിപാടിക്കായി പ്രകാശ് തയ്യാറാക്കിയ തീം മ്യൂസിക് തന്റെ വയലിൻ തന്ത്രികളിലൂടെ സദസ്സിലേക്ക് ഒഴുക്കിയ സംഗീത സംവിധായകൻ ഔസേപ്പച്ചനും സദസ്സിനെ പൊട്ടിച്ചിരിപ്പിച്ചു ജയരാജ് വാര്യരും ഫ്യൂഷനിലൂടെ വിസ്മയിപ്പിച്ച് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കരുണാമൂർത്തി, പ്രകാശ് ഉള്ള്യേരി, മഹേഷ് മണി, കുഴൽമന്ദം രാമകൃഷ്ണൻ, അഭിജിത്, എന്നിവരുടെ സംഘവും.

സാന്നിദ്ധ്യവും പാട്ടും കൊണ്ട് സദസ്സിന് ആഹ്ലാദമായ മലയാള സിനിമയിലെ നിലപാടുള്ള നടികളിൽ ശ്രദ്ധേയയായ രമ്യാ നമ്പീശനും കൽപ്പാന്തകാലത്തോളം മലയാളികൾക്ക് മറക്കാനാവാത്ത വിദ്യാധരൻ മാസ്റ്ററും പാലക്കാട്ടുകാർക്ക് പ്രിയങ്കരനായ ഗായകൻ കൃഷ്ണചന്ദ്രനും, മേരി ആവാസ് സുനോയിലൂടെ സംഗീതാസ്വാദകരുടെ ഹൃദയത്തിലിടം നേടിയ പ്രദീപ് സോമസുന്ദരവും നാടൻ പാട്ടിന്റെ ചടുല താളം പകർന്ന പ്രണവം ശശിയും പുതുശ്ശേരി ജനാർദ്ദനനും, ഈ പരിപാടിയെക്കുറിച്ച് കേട്ടറിഞ്ഞ് വിമാനക്കൂലി കയ്യിൽ നിന്ന് മുടക്കി ഒറ്റക്ക് പാലക്കാട് വരെ യാത്ര ചെയ്ത് ഐക്യദാർഢ്യം പ്രകടിപ്പിച്ച ഒ.എൻ.വി.യുടെ കൊച്ചുമകളും പിന്നണി ഗായികയുമായ അപർണ്ണ രാജീവും, ഡ്രംസിൽ ഇടിമുഴക്കം തീർത്ത ജാഫറും ഒടുവിൽ സദസ്സിനെ മുഴുവൻ ഇളക്കിമറിച്ച സോളോ പ്രകടനത്തിലൂടെ സ്റ്റീഫൻ ദേവസിയും ഇന്നലത്തെ സായാഹ്നത്തെ ഓരോ പാലക്കാട്ടുകാരുടെയും മനസ്സിലെ മായാത്ത അനുഭവമാക്കിത്തീർത്തു.

ഇതിനിടയിൽ സംഭാവനകൾ ചെക്കും ഡി.ഡി.യും പണവുമായെല്ലാം വേദിയിലേക്ക് പ്രവഹിച്ചു കൊണ്ടിരുന്നു. പണമെല്ലാം നേരെ അവിടെ പ്രത്യേകം സജ്ജമാക്കിയ എസ്.ബി. ഐ. കൗണ്ടറിലേക്ക്.ആദ്യസംഭാവന പാലക്കാട് ഐ.ഐ. ടി. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വക പത്തു ലക്ഷത്തിന്റെ ചെക്ക് ഡയറക്ടർ ഡോ.പി.ബി.സുനിൽകുമാറിൽ നിന്ന് ബഹു.മന്ത്രി ഏ.കെ.ബാലൻ സ്വീകരിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധന സമാഹരണത്തിനിടയിലുണ്ടായ ഹൃദയസ്പർശിയായ അനുഭവങ്ങൾ മന്ത്രി ഹ്രസ്വമായ പ്രസംഗത്തിൽ പങ്കുവച്ചപ്പോൾ സദസ്സ് കയ്യടികളോടെ സ്വീകരിച്ചു.മൊസാംബിക് മലയാളി അസോസിയേഷന്റെ 15 ലക്ഷവും മന്ത്രി ഏറ്റുവാങ്ങി. കൊച്ചു മിടുക്കൻ മനുവിന്റെ സമ്പാദ്യക്കുടുക്ക മുതൽ രാപ്പാടിയിൽ ചക്ക ഐസ്ക്രീം വിറ്റ വകയിൽ ലഭിച്ച മുഴുവൻ തുകയുമടക്കം ലക്ഷത്തിലേറെ രൂപ അവിടെ കൈമാറപ്പെട്ടു. കൂട്ടത്തിൽ എന്റെ ഒരു മാസത്തെ വേതനവും അവിടെ വച്ചു തന്നെ കൈമാറി.

ദുരന്തകാലത്തെ സ്തുത്യർഹ സേവനത്തിനിടയിൽ ദാരുണമായി ഷോക്കേറ്റു മരിച്ച കെ.എസ്.ഇ.ബി. ജീവനക്കാരൻ രഘുനാഥന്റെ മകൻ അഭിഷേകിന് 25,000 രൂപയുടെ സഹായധനവും വേദിയിൽ വച്ച് നൽകി. പാലക്കാട്ടുകാരുടെ വേദനയാണ് രഘുവിന്റെ മരണം. പ്രളയ സമയത്ത് സർക്കാർ വകുപ്പുകളുടെ പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടർ, ജില്ലാ പൊലീസ്, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയർ, ഫയർ & റെസ്ക്യൂ, ഡി.എം.ഒ. എന്നിവരെ ആദരിച്ചു. കൂടെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ പി.യു.ചിത്രക്കും കുഞ്ഞുമുഹമ്മദിനും പാലക്കാടിന്റെ ആദരവും. വില കൂടിയ ഉപഹാരങ്ങളും പൊന്നാടകളുമൊന്നുമില്ല, കുറച്ചു നല്ല വാക്കുകളും റോസാപ്പൂക്കളും മാത്രം. ജനപ്രതിനിധികളായ പി.കെ.ബിജു, ഷാഫി, പ്രസേനൻ, ബാബു, പ്രമീള ശശിധരൻ, ശാന്തകുമാരി എന്നിവരും പങ്കെടുത്തു. പത്മശ്രീ ശിവൻ നമ്പൂതിരി, സദനം ഹരികുമാർ, ടി.ആർ.അജയൻ, നടൻ ഷാജു എന്നിവരും സാന്നിഹിതരായിരുന്നു.

സുഹൃത്തും സംഗീതജ്ഞനുമായ പ്രകാശ് ഉള്ളിയേരിയുമായി നടന്ന സൗഹൃദ സംഭാഷണത്തിൽ നിന്നുണ്ടായ ആശയമായിരുന്നു 67 ലക്ഷത്തിലധികം രൂപ സമാഹരിച്ച 'വി ഷാൽ ഓവർ കം' എന്ന സംഗീത സസ്യയായി പരിണമിച്ചത്. സംസാര മധ്യേ പൊടുന്നനെ ഇങ്ങനെ ഒരു പരിപാടി ആയാലോ എന്ന് പ്രകാശിനോട് ചോദിച്ചപ്പേൾ ഒരു നിമിഷാർദ്ധത്തിലാണ് അനുകൂല മറുപടിയുണ്ടായത്. ആ ആശയത്തെ ഏറ്റെടുത്ത് യാഥാർത്ഥ്യമാക്കാൻ ഞങ്ങൾക്ക് കരുത്തായി കൂടെ നിന്നത് 'പ്രഗതി' എന്ന യുവ സാംസ്കാരിക കൂട്ടായ്മയുടെ ഊർജ്ജസ്വലരും അപാര സർഗശേഷിയും സംഘാടന മികവുമുള്ള ഒരു സംഘം ചെറുപ്പക്കാരും.ശ്രീ.തോമസ് ജോർജ്ജിന്റെ നേതൃത്വത്തിലുള്ള ധോണി ലീഡ് കോളേജിലെ വിദ്യാർത്ഥികളുടെ സേവനം വിലമതിക്കാനാവാത്തതാണ്. ഈ പരിപാടിയുടെ മഹാവിജയം വീണ്ടും ഉറക്കെപ്പറയാൻ നമുക്ക് ആത്മവിശ്വാസമേകുന്നു.

"വി ഷാൽ ഓവർ കം"

English summary
Collected money by singing ' we shall overcome' song
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more