അഴിമതിയാരോപണം ഉയർന്ന ഫയൽ മോഷ്ടിച്ചു, പിന്നിൽ ക്വട്ടേഷൻ; കള്ളനെ പൊക്കി പോലീസ്
പാലക്കാട്: ഷൊർണൂർ നഗരസഭ കൃഷിഭവനിൽ നിന്ന് ഫയൽ അടിച്ചുമാറ്റിയ മോഷ്ടാവ് പിടിയിൽ. കാഞ്ഞിരപ്പള്ളി എലിക്കുളം എസ്എച്ച് ചര്‍ച്ചിനു സമീപം കൊല്ലക്കാട്ടുവീട്ടിൽ പൂവരണി ജോയി എന്നറിയപ്പെടുന്ന ജോസഫിനെ (57)നെയാണ് പോലീസ് പിടികൂടിയത്. ആലപ്പുഴ തീര്‍ഥശ്ശേരി അമ്പലത്തിനു സമീപം പെൺ സുഹൃത്തിന്റെ വീട്ടിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. അഴിമതിയാരോപണം ഉയർന്ന ഫയൽ ആണ് ഇയാൾ അടിച്ചുമാറ്റിയത്.ഇയാൾക്ക് ആരാണ് ക്വട്ടേഷൻ നൽകിയതെന്ന വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.
ജുലൈ 29 നായിരുന്നു മോഷണം നടന്നത്. രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് അലമാരയിലടക്കം വിശദമായി പരിശോധിച്ചു. ഒന്നും നഷ്ടമായില്ലെന്നായിരുന്നു ആദ്യ നിഗമനം. പിന്നീട് സംശയം തോന്നിയ പരിശോധിച്ചപ്പോഴാണ് ചില ഫയലുകൾ നഷ്ടമായത് അറിയുന്നത്. ഉടൻ തന്നെ അഗ്രിക്കള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ പി സിന്ധു പൊലീസില്‍ പരാതി നല്‍കി.

സിസിടിവി അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ജോയിയാണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞത്. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. കേരളത്തിലാകമാനം 130 ലേറെ മോഷണക്കേസുകളാണ് ജോയിയുടെ പേരിലുള്ളത്. ജാമ്യത്തിന് ഇറങ്ങിയാൽ ഇയാൾ പോകാൻ ഇടയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺസുഹൃത്തിന്റെ വീട്ടിൽ വെച്ച് പിടിയിലാകുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. കൃഷിവകുപ്പിലെ തന്നെ ചില ഉദ്യോഗസ്ഥര്‍ക്ക് സംഭവവുമായി ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications